തളിപ്പറമ്പ്: മോഷ്ടാവിന്റെ എടിഎം കാര്‍ഡ് തട്ടിയെടുത്ത് തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അരലക്ഷം രൂപയോളം കൈക്കലാക്കി.
എടിഎം കാര്‍ഡ് തട്ടിയെടുത്ത് 70,000 രൂപ കവര്‍ന്ന കേസിലെ യുവാവിന്റെ എടിഎം കാര്‍ഡ് കൈക്കലാക്കി തളിപ്പറമ്പ് സിവില്‍ പോലീസ് ഓഫീസറായ ഇ.എന്‍. ശ്രീകാന്താണ് അരലക്ഷം രൂപയോളം തട്ടിയത്.
ശ്രീകാന്തിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു.
ചൊക്ലി ഒളിവിലം സ്വദേശി മനോജ് കുമാറിന്റെ എടിഎം കാര്‍ഡ് തട്ടിയെടുത്ത് 70,000 രൂപ കവര്‍ന്ന സംഭവത്തില്‍ ഏപ്രില്‍ മൂന്നിന് അറസ്റ്റിലായ ഗോകുലിന്റെ കൈവശം ഉണ്ടായിരുന്ന സഹോദരിയുടെ എടിഎം കാര്‍ഡാണ് ശ്രീകാന്ത് കൈക്കലാക്കിയത്.
പിന്നീട് കാര്‍ഡ് ഉപയോഗിച്ച് ഏപ്രില്‍ ഏഴുമുതല്‍ വിവിധ ആവശ്യങ്ങള്‍ക്കായി പണം പിന്‍വലിക്കുകയായിരുന്നു.
എടിഎം കാര്‍ഡിന്റെ പിന് നമ്പര്‍ കേസിന്റെ ആവശ്യത്തിന് ആവശ്യമുണ്ട് എന്ന് തെറ്റിദ്ധരിപ്പിച്ച് സഹോദരിയുടെ ഫോണില്‍ വിളിച്ചു വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്.
എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിച്ചതായുള്ള സന്ദേശം മൊബൈല്‍ ഫോണില്‍ വന്നതോടെയാണ് സഹോദരി പരാതിയുമായി പോലീസിനെ സമീപിച്ചത്.
തളിപ്പറമ്പ് ഡിവൈഎസ്പി കെ.ഇ. പ്രേമചന്ദ്രന് നിർദേശാനുസരണം സിഐ വി. ജയകുമാര്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് മനസിലായത്.
ഇതു സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് റൂറല്‍ എസ്പി മുന്‍പാകെ സമര്‍പ്പിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ ഒരാളോ ഒന്നില്‍ കൂടുതല്‍ പേരോ ഉണ്ടോ എന്ന് വ്യക്തമായിട്ടില്ല. ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.