ആലത്തൂർ: ബാങ്ക് എടിഎം കാർഡിന്റെ ഒടിപി നന്പർ ആവശ്യപ്പെട്ടുവന്ന ഫോണ്‍ കോളിനു മറുപടി പറഞ്ഞ ആലത്തൂരിലെ സ്വകാര്യ സ്കൂൾ പ്രധാനാധ്യാപികയ്ക്കു നഷ്ടപ്പെട്ടത് 22,500 രൂപ. വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ 919599832172 എന്ന നന്പരിൽനിന്നാണ് കോൾ വന്നതെന്ന് ഇവർ ആലത്തൂർ പോലീസിൽ നല്കിയ പരാതിയിൽ പറയുന്നു. ബാങ്കിൽനിന്നാണ് വിളിക്കുന്നതെന്നു പറഞ്ഞ് ആദ്യം ഹിന്ദിയിലും പിന്നെ ഇംഗ്ലീഷിലുമായിരുന്നു സംസാരം.
സ്കൂളിൽനിന്ന് വീട്ടിലേക്കുള്ള യാത്രയിൽ ബസിൽ ആയിരുന്നതിനാൽ തിരിച്ചുവിളിക്കാമെന്നു പറഞ്ഞ് അധ്യാപിക ഫോണ്‍ വച്ചു. പല്ലാവൂരിലെ വീട്ടിലെത്തി നോക്കിയപ്പോൾ പണം പിൻവലിച്ചതായുള്ള സന്ദേശം 09223966666 എന്ന നന്പരിൽനിന്ന് മൊബൈലിൽ വന്നിരിക്കുന്നതായി കണ്ടു. 0223902020202 എന്ന നന്പരിൽനിന്ന് കസ്റ്റമർ കെയറിൽനിന്നുള്ളതാണെന്ന സന്ദേശവും കിട്ടി.
എച്ച്ഡിഎഫ്സി ബാങ്കിലെ അക്കൗണ്ടിൽനിന്ന് 18,500 രൂപയും എസ്ബിഐ അക്കൗണ്ടിൽനിന്ന് 4,000 രൂപയും പിൻവലിച്ചെന്നായിരുന്നു സന്ദേശം. ഉടൻ എടിഎം കാർഡ് ഇവർ ബ്ലോക്ക് ചെയ്തതിനാൽ കൂടുതൽ പണം നഷ്ടമായില്ല. വെള്ളിയാഴ്ച ആലത്തൂർ പോലീസിലും ബാങ്ക് മാനേജർമാർക്കും പരാതി നൽകി. ഇത്തരത്തിൽ വേറെയും പരാതി കിട്ടിയിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.
അക്കൗണ്ട് പരിശോധിച്ച് പരാതിക്കാര്യത്തിൽ നടപടിയെടുക്കുമെന്നു ബാങ്ക് അധികാരികൾ വ്യക്തമാക്കി. ഇത്തരം ഫോണ്‍വിളികൾ വന്നാൽ ജാഗ്രത പുലർത്തണമെന്നും അവർ അറിയിച്ചു. പണം നഷ്ടപ്പെട്ട അധ്യാപിക അക്കൗണ്ട് സംബന്ധമായ വിവരങ്ങൾ ഒന്നും ഫോണിൽ വിളിച്ചവരോടു പറയാതിരുന്നിട്ടും പണം നഷ്ടമായതു ബാങ്ക് അക്കൗണ്ടുകളിലെ പണത്തിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് ആശങ്ക ഉണർത്തുന്നതാണ്.