സി.സി.സോമൻ
കോട്ടയം: ഒരാഴ്ച മുൻപ് മൂന്നു ജില്ലകളിൽ നടന്ന എടിഎം മോഷണം സംബന്ധിച്ച് അന്വേഷണ സംഘത്തിന് പ്രതികളെ സംബന്ധിച്ച വ്യക്തമായ വിവരം ലഭിച്ചു. എന്നാൽ ലഭിച്ച വിവരങ്ങൾ ഇപ്പോൾ മാധ്യമങ്ങളോട് പങ്കുവയ്ക്കാനാവില്ലെന്ന നിലപാടിലാണ് ഉദ്യോഗസ്ഥർ. ഒരാഴ്ചക്കുള്ളിൽ പ്രതികളെ അറസ്റ്റു ചെയ്യാനാവുമെന്നും ഇവർ പ്രത്യാശ പ്രകടിപ്പിച്ചു. പ്രതികൾ ഇതര സംസ്ഥാനക്കാരാണെന്നും ഇവരിപ്പോൾ കേരളത്തിനു പുറത്ത് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്നുമുള്ള വിവരം മാത്രമാണ് പോലീസ് ഇപ്പോൾ പുറത്തുവിട്ടിട്ടുള്ളു.
പ്രതികൾ അവരുടെ നാട്ടിൽ തിരിച്ചെത്തിയിട്ടില്ല. എറണാകുളം, തൃശൂർ ജില്ലകളിൽ എടിഎമ്മുകളിൽ കവർച്ചയും കോട്ടയം ജില്ലയിലെ വെന്പള്ളിയിലും മോനിപ്പള്ളിയിലും എടിഎമ്മുകളിൽ കവർച്ചാശ്രമവും നടത്തിയത് ഒരേ ടീം തന്നെയെന്ന് വ്യക്തമായി. ഒന്നാൽ ഓപ്പറേഷൻ നടത്തിയത് ഒരുമിച്ചാണോ അതോ രണ്ടു ടീമായോ ആകാം. മൊബൈൽഫോണ് കോളുകളും സിസിടിവി ദൃശ്യങ്ങളുമായി പോലീസിന് തുണയായത്.
ലക്ഷക്കണക്കിന് കോളുകൾ പോലീസ് പരിശോധിച്ചു. അതുപോലെ രാത്രി കാലത്ത് അതീവ വേഗതയിൽ പോകുന്ന വാഹനങ്ങളും പരിശോധന നടത്തി. കോട്ടയം മണിപ്പുഴയിൽ നിന്ന് മോഷ്ടിച്ച പിക്ക്അപ് വാനിൽ തന്നെയാണ് മോഷ്ടാക്കൾ സഞ്ചരിച്ചത്. ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചു.
മൂന്നു പേരാണ് മണിപ്പുഴയിൽ നിന്ന് പോകുന്പോൾ പിക്ക്അപ് വാനിൽ ഉണ്ടായിരുന്നത്. ബാക്കിയുള്ളവർ മറ്റു സ്ഥലങ്ങളിൽ നിന്ന് കയറിയവരാണ. എവിടുന്നൊക്കെയാണ് ഇവർ കയറിയതെന്ന വിവരവും പോലീസിന് ലഭിച്ചു. ഇവർ എവിടെയാണ് താമസിച്ചിരുന്നതെന്നും എത്ര നാളായി ഇവിടെ ഉണ്ടായിരുന്നുവെന്നുമുള്ള കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളിലേക്ക് എത്തിയത്.
ഇപ്പോഴത്തെ പോലീസിന്റെ കണക്കുകൂട്ടൽ പ്രകാരം ഒരാഴ്ചക്കുള്ളിൽ പ്രതികളെ പിടികൂടാൻ കഴിഞ്ഞേക്കും. അതല്ലെങ്കിൽ അൽപംകൂടി വൈകും. ഒരാഴ്ചക്കുള്ളിൽ പ്രതികളെ പിടികൂടാൻ കഴിഞ്ഞില്ലെങ്കിൽ പ്രതികളെ സംബന്ധിച്ച വിവരം പോലീസ് വെളിപ്പെടുത്തും. കവിഞ്ഞ 11ന് പുലർച്ചെയാണ് എറണാകുളം, തൃശൂർ, ജില്ലകളിലെ എടിഎമ്മുകളിൽ കവർച്ച നടത്തിയത്.