തിരൂർ: എടിഎം മെഷീനെന്ന് തെറ്റിധരിച്ച് പാസ്ബുക്ക് പ്രിന്റിംഗ് മെഷീനും സിഡിഎമ്മും തകർത്ത യുവാവ് പിടിയിൽ. തിരൂർ താഴെപാലത്ത് ബാങ്ക് കെട്ടിടത്തോടുചേർന്നുള്ള എസ്ബിഐയുടെ എടിഎം കൗണ്ടറിൽ ഞായറാഴ്ച പുലർച്ചെയാണ് സംഭവം. യുപി സ്വദേശിയായ ജിതേന്ദ്ര ബിന്ദ് എന്ന 33കാരനാണ് പിടിയിലായത്.
എടിഎം കൗണ്ടറിൽ കയറിയ ഇയാൾ യന്ത്രംപൊളിച്ച് പണം കൈക്കലാക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പണം എടുക്കാൻ സാധിക്കാതെ വന്നതോടെ ശ്രമം ഉപേക്ഷിച്ച് ഇവിടെ നിന്നും കടന്നു കളഞ്ഞു.
ബാങ്കിന്റെ കെട്ടിടത്തിനകത്തായിരുന്ന സുരക്ഷാ ജീവനക്കാരൻ പുറത്തെത്തിയപ്പോഴാണ് മോഷണശ്രമം അറിഞ്ഞത്. ഉടൻതന്നെ ബാങ്ക് അധികൃതർ പോലീസിനെ വിവരം അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് തിരൂർ ബസ് സ്റ്റാൻഡിൽവച്ച് മണിക്കൂറുകൾക്കുള്ളിലാണ് പ്രതിയെ പിടികൂടിയത്.