തൃശൂര്‍: തൃശ്ശൂരില്‍ കിഴക്കുംപാട്ടുകരയില്‍ കഴിഞ്ഞ ദിവസം എടിഎം തകര്‍ക്കാന്‍ ശ്രമിച്ചത് പുറംനാട്ടുകാരല്ല തൃശ്ശൂര്‍കാര്‍ തന്നെയെന്ന് തെളിഞ്ഞു. തൃശ്ശൂരില്‍ പഴക്കച്ചവടം നടത്തിയിരുന്നവരാണ് പിടിയിലായത്. എടിഎം കവര്‍ച്ച പഠിച്ചത് യൂട്യൂബ് വീഡിയോയിലൂടെയാണെന്നും ഞെട്ടിക്കുന്ന മൊഴിയാണ് ഇവരില്‍ നിന്നും ലഭിച്ചിരിക്കുന്നത്. കാസര്‍ഗോഡ് സ്വദേശികളായ മെഹറൂഫ്, സനീഷ് എന്നിവരാണ് പിടിയിലായത്. ഇവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. തൃശൂര്‍ കാളത്തോട് നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്.
മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കാനറാ ബാങ്കിന്റെ എടിഎമ്മിലാണ് കവര്‍ച്ച ചെയ്യാന്‍ ശ്രമം ഉണ്ടായത്. കൗണ്ടറിന് കാവലുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ രാവിലെ എട്ടരയോടെ എടിഎം കൗണ്ടര്‍ വൃത്തിയാക്കാന്‍ എത്തിയ ജീവനക്കാരാണ് എടിഎം മെഷീന് കേടുപാടുകള്‍ ഉണ്ടായതായി ആദ്യം അറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചു. അഞ്ച് ലക്ഷം രൂപ എടിഎമ്മില്‍ ഉണ്ടായിരുന്നെന്നും പണം നഷ്ടപ്പെട്ടിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. പോലീസും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോള്‍ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായിരുന്നു.