തൃശൂർ (ചാവക്കാട് ): തൃശൂർ ജില്ലയിൽ വീണ്ടും എടിഎം കവർച്ചാശ്രമം. ചാവക്കാട് കടപ്പുറം പഞ്ചായത്തിലെ അഞ്ചങ്ങാടി സെന്ററിലുള്ള എടിഎം കൗണ്ടർ പൊളിച്ച് പണം മോഷ്ടിക്കാൻ ശ്രമം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം കൗണ്ടറിലാണ് മോഷണശ്രമം നടന്നത്.
ഇന്നു പണം എടുക്കാൻ എടിഎമ്മിലെത്തിയ വഴിയാത്രക്കാരാണ് കൗണ്ടർ പൊളിച്ചനിലയിൽ കണ്ടത്. സംശയം തോന്നിയ ഇവർ ഉടനെ പോലീസിനെയും ബാങ്ക് അധികൃതരെയും അറിയിച്ചു. ചാവക്കാട് പോലീസെത്തി നടത്തിയ അന്വേഷണത്തിൽ പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി. മോണിറ്ററും ഡോറും പൊളിച്ചിട്ടുണ്ട്.
കാമറയും മറ്റും വിശദപരിശോധനയ്ക്കുള്ള സംഘം ഉടനെ എത്തുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിനുപുറകിൽ പ്രഫഷണൽ സംഘങ്ങളല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെകുറിച്ച് ചാവക്കാട് പോലീസ് അന്വേഷണം തുടങ്ങി.