മുംബൈ: ഓൺലൈൻ, മൊബൈൽ ബാങ്കിംഗിലും എടിഎം ഇടപാടിലും വരുന്ന തട്ടിപ്പുകളിൽനിന്ന് ഉപയോക്താക്കൾക്കു രക്ഷ നല്കാൻ റിസർവ് ബാങ്കിന്റെ മാർഗരേഖ.ബാങ്കിന്റെ സുരക്ഷാ സംവിധാനങ്ങളുടെ കുറ്റമോ പോരായ്മയോ മൂലമോ മൂന്നാം കക്ഷികളുടെ ഇടപെടൽ മൂലമോ വരുന്ന നഷ്ടം അക്കൗണ്ട് ഉടമ വഹിക്കേണ്ടതില്ല.പക്ഷേ, തട്ടിപ്പു നടന്ന് മൂന്നു പ്രവൃത്തിദിവസത്തിനുള്ളിൽ ബാങ്കിനെ വിവരമറിയിച്ചിരിക്കണം.
ഇടപാടിനെപ്പറ്റിയുള്ള എസ്എംഎസ്/ഇ-മെയിൽ അലർട്ട് ലഭിക്കുന്നതു മുതലാണു മൂന്നു ദിവസം കണക്കാക്കുന്നത്. ബാങ്കിന്റെയോ മൂന്നാം കക്ഷികളുടെയോ പിഴവ് മൂലമുള്ള കാര്യങ്ങളിൽ ബാങ്കിനാണ് നഷ്ടബാധ്യത എന്നു പുതിയ മാർഗരേഖ പറയുന്നു.എന്നാൽ, ഇടപാടുകാരുടെയാണു ബാധ്യതയെങ്കിൽ അനധികൃത ഇടപാടിനെപ്പറ്റി ബാങ്കിൽ അറിയിക്കുന്നതുവരെ വരുന്ന നഷ്ടം ഇടപാടുകാർ വഹിക്കണം. അറിയിച്ചശേഷം വരുന്ന നഷ്ടത്തിന്റെ ബാധ്യത ബാങ്ക് ഏൽക്കണം.
ഓൺലൈൻ-എടിഎം തട്ടിപ്പുകൾ, അനധികൃത പണമിടപാടുകൾ, അബദ്ധങ്ങൾ എന്നിവ വഴിയുള്ള നഷ്ടങ്ങൾ സംബന്ധിച്ചാണു പുതിയ മാർഗരേഖ. സംശയകരമായ ഇടപാടുകൾ ബാങ്കിന്റെ ശ്രദ്ധയിൽ കൊണ്ടുവരേണ്ടത് ഇടപാടുകാരാണ്. തട്ടിപ്പാണോ എന്നു തെളിയിക്കേണ്ടതു ബാങ്കാണ്.
തട്ടിപ്പ് അറിയിക്കുന്നതു വൈകിയാൽ ഇടപാടുകാരുടെ ബാധ്യത കൂടും. എങ്കിലും അതിനു പരിധിവച്ചിട്ടുണ്ട്. 5000 രൂപ മുതൽ 25,000 രൂപ വരെയാണ് ഇത്. ഇടപാടുകാരുടെ അശ്രദ്ധമൂലം നഷ്ടമുണ്ടായാലും റിപ്പോർട്ട് ചെയ്യുന്നതു വൈകിയാലുമുള്ള ബാധ്യതയാണിത്. ഇടപാടുകാർ ഐഡിയും പാസ്വേഡും മറ്റും മറ്റാൾക്കാർക്കു നല്കുന്നതുവഴിയും മറ്റുമുണ്ടാകുന്ന നഷ്ടങ്ങളാണ് ഇടപാടുകാരുടെ ഭാഗത്തുനിന്നുള്ള പിഴമൂലമുള്ളതായി കണക്കാക്കുന്നത്.
മൂന്നുദിവസ പരിധി കടന്നുപോയിട്ട് ഏഴു പ്രവൃത്തിദിവസത്തിനുള്ളിൽ വിവരം ബാങ്കിനെ അറിയിച്ചാൽ ഇടപാടുകാർ വഹിക്കേണ്ട പരമാവധി ബാധ്യത ഇങ്ങനെ:
1. ബേസിക് സേവിംഗ്സ് ബാങ്ക് അക്കൗണ്ട് (ജൻധനും മറ്റും): 5000 രൂപ.
2. സാധാരണ സേവിംഗ്സ് ബാങ്ക് അക്കൗണ്ട്, പ്രീ പെയ്ഡ് കാർഡുകൾ, ഗിഫ്റ്റ് കാർഡുകൾ, അഞ്ചു ലക്ഷം രൂപവരെ പരിധിയുള്ള ക്രെഡിറ്റ് കാർഡുകൾ: 10,000 രൂപ.
3. കറന്റ് അക്കൗണ്ട്, ഓവർഡ്രാഫ്റ്റ് അക്കൗണ്ട്, അഞ്ചു ലക്ഷം രൂപയിൽ കൂടിയ പരിധിയുള്ള ക്രെഡിറ്റ് കാർഡ്: 25,000 രൂപ.
ഓൺലൈൻ ബാങ്കിംഗ് ഇടപാടുകാരെ നിർബന്ധമായും എസ്എംഎസ്/ഇ-മെയിൽ അലെർട്ട് സംവിധാനത്തിൽ പെടുത്താൻ ബാങ്കുകളെ റിസർവ് ബാങ്ക് ചുമതലപ്പെടുത്തി.കൂടുതൽ ബാങ്ക് ഇടപാടുകൾ ഡിജിറ്റൽ ആയി വരുന്ന സാഹചര്യത്തിലാണ് അതിൽ വരാവുന്ന തട്ടിപ്പും അബദ്ധവും ഉപയോക്താക്കൾക്കു ബാധ്യതയായി വരാതിരിക്കാൻ മാർഗരേഖ പുറപ്പെടുവിച്ചത്. ജൂണിൽ 113.73 ലക്ഷം കോടി രൂപയുടെ ബാങ്ക് ഇടപാടുകൾ ഡിജിറ്റൽ ആയിരുന്നു. മേയിൽ 111.11 ലക്ഷം കോടിയായിരുന്നു ഇത്.