കട്ടപ്പന: സ്വകാര്യ വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിൽനിന്നും പണം കവർന്നതായി പരാതി. യൂണിയൻ ബാങ്ക് അണക്കര ശാഖയിലെ സ്വകാര്യ വ്യക്തിയുടെ അക്കൗണ്ടിൽനിന്നും അക്കൗണ്ട് ഉടമ അറിയാതെ നാലുതവണയായി 35,000 രൂപാണ് നഷ്ടപ്പെട്ടത്.
അക്കൗണ്ട് ഉടമ 12 വർഷമായി ചെന്നൈയിൽ ആണെങ്കിലും ഒരു വർഷം മുന്പു വരെ ഇടയ്ക്കിടെ നാട്ടിലെത്തുകയും അക്കൗണ്ടിൽ ഇടപാടുകൾ നടത്തുകയും ചെയ്തിരുന്നു. കോവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ ഒരു വർഷമായി നാട്ടിൽ വന്നിരുന്നില്ല. ഈ ഒരു വർഷത്തിനിടെയാണ് തട്ടിപ്പ് നടന്നിരിക്കുന്നത്.
എടിഎം കാർഡ് ഇതുവരെ കൈപ്പറ്റിയിട്ടില്ലാത്ത ചക്കുപള്ളം സ്വദേശിയുടെ അക്കൗണ്ടിൽ നിന്നാണ് പണം ചോർന്നത്. അക്കൗണ്ട് തുറക്കുന്പോൾ ഫോണ് നന്പർ നൽകിയിട്ടില്ലാത്ത അക്കൗണ്ട് ഉടമയുടെ അക്കൗണ്ടിൽനിന്നും ഒരു തെലുങ്കാന സ്വദേശിയുടെ ഫോണ് നന്പർ ഉപയോഗിച്ചാണം പണം അപഹരിച്ചത്.
അക്കൗണ്ട് ഉടമ ഫോണ് നന്പർ നൽകിയിട്ടില്ലാത്തതിനാൽ ബാങ്കിലെ ആരോ ഫോണ് നന്പർ ചേർത്താണ് പണം അപഹരിച്ചതെന്നാണ് അനുമാനം.
ബാങ്കിൽ അക്കൗണ്ട് തുടങ്ങുന്പോൾ മൊബൈൽ ഫോണ് ഇല്ലാതിരുന്ന അക്കൗണ്ട് ഉടമ പിന്നീട് ബിഎസ്എൻഎൽ കന്പനിയുടെ കണക്ഷൻ എടുത്തിരുന്നു. എന്നാൽ ജിയോ കന്പനിയുടെ ഫോണ് കണക്ഷനുള്ള വ്യക്തിയിലേക്കാണ് പണം പോയിട്ടുള്ളതെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
ബാങ്കിൽ നിക്ഷേപിച്ചിരുന്ന പണം കാണാതായതിനെ സംബന്ധിച്ച് ബാങ്കിന്റെ ശാഖാ മാനേജരോടു പരാതിപ്പെട്ടപ്പോൾ അക്കൗണ്ട് ഉടമയെ അപമാനിച്ചതായും പണത്തിനു ബാങ്കിന് ഉത്തരവാദിത്വമില്ലെന്നു പറഞ്ഞതായും ആക്ഷേപമുണ്ട്. അക്കൗണ്ടിൽനിന്നും പണം പോയത് അക്കൗണ്ട് ഉടമയുടെ പിഴവാണെന്നാണ് ബാങ്ക് അധികൃതരുടെ നിലപാട്.
ഫോൺ നമ്പർ ചേർക്കാതിരുന്ന അക്കൗണ്ടിൽ തെലുങ്കാനയിലെ ഒരാളുടെ നമ്പർ ചേർത്തതാണ് ദുരൂഹമായി അവശേഷിക്കുന്നത്. 12 വർഷമായി ചെന്നൈയിലായിരുന്ന അക്കൗണ്ട് ഉടമയ്ക്ക് വാർധക്യ പെൻഷനായും മക്കൾ അയച്ചു നൽകിയതുമായ തുകയാണ് നഷ്ടപ്പെട്ടത്.
പണം നഷ്ടപ്പെട്ടതു സംബന്ധിച്ച് ബാങ്ക് അധികൃതർക്കും ബാങ്കിംഗ് ഓംബുഡ്സ്മാനും പരാതി നൽകിയിട്ടുണ്ട്.