കൊച്ചി: കൊച്ചിയിൽ വീണ്ടും എടിഎം തട്ടിപ്പ്. സ്വകാര്യ ബാങ്കിന്റെ എടിഎം മെഷീനിൽ കൃത്രിമം കാട്ടിയാണ് പണം തട്ടിയത്. ഒരു ബാങ്കിന്റെ തന്നെ 10 എടിഎമ്മുകളിൽ നിന്നാണ് പണം തട്ടിയത്.
ഏഴ് ഇടപാടുകളിലായി 25,000 രൂപ നഷ്ടമായതായാണ് പരാതി. കളമശേരി പ്രീമിയർ കവലയിലെ തട്ടിപ്പിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ 18,19 തീയതികളിലാണ് 25,000 രൂപ നഷ്ടമായതായി കാണിച്ച് ബാങ്ക് പോലീസിൽ പരാതി നൽകി.
തട്ടിപ്പ് നടത്തിയവിധം ഇങ്ങനെ
എടിഎമ്മിന്റെ പണം വരുന്ന ഭാഗത്ത് പേപ്പർ വച്ച് ബ്ലോക്ക് ചെയ്താണ് പണം തട്ടിയത്. എടിഎമ്മിൽ നിന്നു പണം എടുക്കാൻ ശ്രമിക്കുന്പോൾ നോട്ട് പുറത്തുവരുന്നതായി ശബ്ദം കേൾക്കും. എന്നാൽ പണം ലഭിക്കില്ല. തൊട്ടുപിന്നാലെ മോഷ്ടാവ് എത്തി പണം എടുക്കുന്ന രീതിയാണ് നടത്തിയത്.
പണം നഷ്ടമായ എടിഎമ്മുകൾ
കളമശേരി, തൃപ്പൂണിത്തുറ, തിരുവാങ്കുളം, പാലാരിവട്ടം, തമ്മനം, കടവന്ത്ര, ചേന്ദമംഗലം, ഇടപ്പള്ളി, ബാനർജി റോഡ് എന്നിവിടങ്ങളിലെ എടിഎമ്മിൽ നിന്നാണ് ഇടപാടുകാർക്ക് പണം നഷ്ടമായിരിക്കുന്നത്.
കളമശേരിയിലെ എടിഎമ്മിൽ ഏഴ് ഇടപാടുകളിൽ നിന്നായി 500 രൂപ മുതൽ 10,000 രൂപ വരെ പിൻവലിച്ചിട്ടുണ്ട്.
പ്രതിയെന്നു സംശയിക്കുന്ന ആൾക്ക് ഇടതുകാലിൽ മുടന്ത്
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായി തൃക്കാക്കര അസിസ്റ്റ്ന്റ് പോലീസ് കമ്മീഷണർ പി.വി. ബേബി പറഞ്ഞു.
എല്ലാ ദൃശ്യങ്ങളിലും ഒരാൾ തന്നെയാണ് കവർച്ച നടത്തിയെന്നാണ് സൂചന. ഇയാളുടെ ഇടതുകാലിൽ മുടന്തുണ്ട്. ഇയാൾക്കു പിന്നിൽ കൂടുതൽ ആളുകളുണ്ടോയെന്നും അന്വേഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ബാങ്കിൽ നിന്നും എത്രരൂപയാണ് പോയതെന്ന വിവരം ലഭിച്ചിട്ടില്ല. ഇന്ന് ബാങ്കിന്റെ സാങ്കേതിക വിദഗ്ദ്ധരുമായി അന്വേഷണ സംഘം സംസാരിക്കും. മറ്റ് ബാങ്കുകളിൽ നിന്നും സമാനരീതിയൽ പണം നഷ്ടമായിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.