തിരുവനന്തപുരം: തലസ്ഥാനത്തെ ഹൈടെക്ക് എടിഎം തട്ടിപ്പ് കേസിലെ മുഖ്യ പ്രതി റൊമെനിയൻ പൗരൻ മരിയൊ അലക്സാണ്ടറെ തിരുവനന്തപുരത്തെത്തിച്ചു. ഇൻർപോൾ നിക്കരാഗ്വയിൽ വച്ച് അറസ്റ്റ് ചെയ്ത പ്രതിയെ കേരള പോലീസിന് കൈമാറുകയായിരുന്നു. കേരളാ പോലീസിന്റെ സംഘം നിക്കരാഗ്വയിലെത്തി പ്രതിയെ ഏറ്റു വാങ്ങി കേരളത്തിലെത്തിക്കുകയായിരുന്നു.
ഇന്ന് രാവിലെ കേരള പോലീസിലെ അന്വേഷണ സംഘം വിമാനമാർഗം പ്രതിയെ തിരുവനന്തപുരത്തെത്തിച്ചു. ഇയാളെ പോലീസ് സംഘം വിശദമായി ചോദ്യം ചെയ്ത് വരികയാണ്. രണ്ട് വർഷം മുൻപ് വെള്ളയന്പലം ആൽത്തറ ജംഗ്ഷന് സമീപം എസ്ബിഐ എടിഎം കൗണ്ടറിൽ പ്രത്യേക ഉപകരണങ്ങൾ സ്ഥാപിച്ച് പത്ത് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സമാനമായ കേസുകൾ നടത്തിയ പ്രതി രാജ്യം വിട്ടിരുന്നു. ഇയാളുടെ രണ്ട് സഹായികളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ പിടികൂടാനായി കേരള പോലീസ് ഇന്റർപോളിന്റെ സഹായം തേടിയിരുന്നു. ഇന്റർപോളിന്റെ ലുക്കൗട്ട് നോട്ടിസിന്റെ അടിസ്ഥാനത്തിലാണ് നിക്കരാഗ്വയിൽ വച്ച് പ്രതിയെ പിടികൂടിയത്.
2016 ഓഗസ്റ്റ് മാസത്തിലാണ് ആൽത്തറ ജംഗ്ഷനിലെ എടിഎം കൗണ്ടറിൽ പ്രത്യേക ഉപകരണം സ്ഥാപിച്ച് ഉപഭോക്താക്കളുടെ അക്കൗണ്ട് വിവരങ്ങൾ ചോർത്തി വ്യാജ എടിഎം കാർഡ് നിർമ്മിച്ച് ലക്ഷക്കണക്കിന് രൂപയുടെ എടിഎം തട്ടിപ്പ് പ്രതികൾ നടത്തിയത്. മുംബൈ കേന്ദ്രീകരിച്ചാണ് ഇവർ പണം തട്ടിയെടുത്തിരുന്നതെന്ന് പോലീസിന്റെ അന്വേഷണത്തിൽ അന്ന് തെളിഞ്ഞിരുന്നു.
തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘം നടത്തിയ അന്വേഷണമാണ് കേസിലെ മുഖ്യ പ്രതിയെ പിടികൂടാൻ ഇടയാക്കിയത്. വിജിലൻസ് എസ്പി. കെ.ഇ.ബൈജു, കണ്ട്രോൾ റൂം അസിസ്റ്റന്റ് കമ്മീഷണർ വി.സുരേഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മ്രുഖ്യ പ്രതിയെ തിരുവനന്തപുരത്തെത്തിച്ചത്.