കോഴിക്കോട്: ബസിൽ യാത്രചെയ്യുകയായിരുന്ന സർക്കാർ ഉദ്യോഗസ്ഥയുടെ പഴ്സ് കവർന്ന് അതിലെ എടിഎം കാർഡ് ഉപയോഗിച്ച് 36,000 രൂപ പിൻവലിച്ച യുവതിക്കായി പോലീസ് അന്വേഷണം തുടങ്ങി. രാവിലെ 8.45ന് മെഡിക്കൽ കോളജിനടുത്ത മുണ്ടിക്കൽതാഴത്തുനിന്ന് മൊഫ്യൂസിൽ സ്റ്റാൻഡിലേക്ക് ബസ് കയറിയ സർക്കാർ ജീവനക്കാരിയുടെ വാനിറ്റി ബാഗിൽ നിന്നാണ് പഴ്സ് കവർന്നത്.
ഉദ്യോഗസ്ഥ 9.05ന് സ്റ്റാൻഡിൽ ബസിറങ്ങി ഓഫീസിലേക്ക് പോയി. അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചതായി 9.30ന് ഫോണിൽ മെസേജ് വന്നപ്പോഴാണ് പഴ്സ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. അക്കൗണ്ട് മരവിപ്പിക്കാൻ ഉടൻതന്നെ ബാങ്കുമായി ബന്ധപ്പെട്ടപ്പോഴേക്കും അക്കൗണ്ടിൽ ആകെയുണ്ടായിരുന്ന 36,000 രൂപ പല തവണയായി പിൻവലിച്ചിരുന്നു. പഴ്സിലെ ചെറിയ ഡയറി, തിരിച്ചറിയൽ രേഖകൾ, ബാങ്ക് പാസ്ബുക്ക് തുങ്ങിയവയും നഷ്ടപ്പെട്ടു.
ഡയറിയിൽ യുവതി സ്വന്തം മൊബൈൽ ഫോൺ നന്പർ എഴുതിയിരുന്നു. ഇതിന്റെ അവസാനത്തെ നാലക്കമായിരുന്നു എടിഎം പിൻ നന്പർ. യുവതി കസബ പോലീസിൽ പരാതി നൽകി. നന്മണ്ട 13ലെ എടിഎം കൗണ്ടറിൽ നിന്നാണ് പണം പിൻവലിച്ചതെന്ന് കണ്ടെത്തി. തൂടർന്ന് പോലീസ് എടിഎം കൗണ്ടറിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. നീലയിൽ വെള്ള പൂക്കളുള്ള ചൂരിദാറും കറുത്ത തട്ടവുമണിഞ്ഞ യുവതി കൗണ്ടറിൽ നിന്ന് പണം പിൻവലിക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.