കൊച്ചി: വെറും മൂന്നാംക്ലാസ് വിദ്യാഭ്യാസം മാത്രമേ ഉള്ളൂ…പക്ഷേ, തട്ടിപ്പില്‍ ബഹുകേമനാണ് കൊച്ചിയിലെ എടിഎം തട്ടിപ്പുകേസില്‍ പിടിയിലായ യുപിക്കാരന് മുബാരക് അലി അന്‍സാരി(40).
കേരളത്തിന് പുറമേ മുംബൈയിലും ബംഗളൂരുവിലും കോയമ്പത്തൂരിലും മൈസൂരിലുമെല്ലം ഇയാള്‍ മോഷണം നടത്തിയിട്ടുണ്ട്.
2018ല്‍ മഹാരാഷ്ട്രയിലെ മുകേഷ് അന്‍സാരി എന്ന സുഹൃത്താണ് എടിഎമ്മിലെ തട്ടിപ്പില്‍ മുബാരകിന്റെ ഗുരു. ആദ്യം ഇരുവരുമൊരുമിച്ച് യുപിയില്‍ അടക്കം ആറിടത്താണ് എടിഎമ്മിലെ തട്ടിപ്പ് നടത്തിയത്. ഒടുവില്‍ 2020ല്‍ മോഷണത്തിന് മുബാരക് പിടിക്കപ്പെട്ടു.
ശിക്ഷ കഴിഞ്ഞിറങ്ങിയതോടെ ഗുരുവുമായി തെറ്റിപ്പിരിഞ്ഞ് ഒറ്റയ്ക്കായി സഞ്ചാരം. ആദ്യം ഡ്രൈവര്‍ ജോലി നോക്കിയ മുബാരക് അപകടത്തില്‍ കാലിനു പരിക്കേറ്റതോടെ വീണ്ടും മോഷണത്തിലേക്ക് തിരിഞ്ഞു.
ആദ്യം മൂംബൈയിലായിരുന്നു. പിന്നീട് ബംഗളൂരുവിലും, മൈസൂരിലും ശേഷം കോയമ്പത്തൂരിലും സമാന തട്ടിപ്പ് നടത്തിയ ശേഷമാണ് ഇയാള്‍ കേരളത്തിലേക്ക് എത്തുന്നത്.
ഭാര്യയും രണ്ടുപെണ്‍മക്കളുമുള്ള ഇയാള്‍ മോഷ്ടിക്കുന്ന പണം സിഡിഎം മുഖേന അന്നുതന്നെ നാട്ടിലേക്ക് അയയ്ക്കും. പണമയക്കാന്‍ സഹായിക്കുന്നവര്‍ക്ക് ചെറിയ സഹായവും നല്‍കും.
കളമശേരിയിലെ എടിഎമ്മില്‍ നിന്നു പണം പിന്‍വലിച്ചെങ്കിലും ലഭിച്ചില്ലെന്നു കാട്ടി ഇടപാടുകാരന് ബാങ്കിന് പരാതി നല്‍കിയതോടെയാണ് മോഷണം പുറത്താകുന്നത്. ഇതോടെ ബാങ്ക് അധികൃതര്‍ പോലീസിനെ സമീപിക്കുകയായിരുന്നു.
പണം നഷ്ടമായത് കാട്ടി ഇടപാടുകാര്‍ ബാങ്കിനെ സമീപിച്ചതിനെത്തുടര്‍ന്ന് എടിഎം മെഷീനിലെ പണവുമായി ഒത്തുനോക്കിയെങ്കിലും കണക്കുകള്‍ ശരിയിരുന്നു.
പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് തട്ടിപ്പിനെക്കുറിച്ച് മനസിലായത്. സ്കെയില്‍ രൂപത്തിലുള്ള പ്ലാസ്റ്റിക് വസ്തു ഉപയോഗിച്ചായിരുന്നു എടിഎമ്മുകളിലെ ഇയാളുടെ തട്ടിപ്പ്.
എടിഎമ്മിന്റെ പണം വരുന്ന ഭാഗത്ത് എക്സ്റേ ഫിലിമിനു സമാനമായ കളര്‍ വരുന്ന പ്ലാസ്റ്റിക് സ്കെയില്‍ ഉപയോഗിച്ച് തടഞ്ഞുനിര്‍ത്തും.
ഇടപാടുകാരന് എടിഎമ്മില്‍ പണം ഇടപാട് നടന്നതായി കാണിക്കുമെങ്കിലും പണം പുറത്തേക്കു വരില്ല. ഇവര്‍ മടങ്ങുന്നതോടെ പണം തടയാന്‍ ഉപയോഗിച്ച വസ്തുമാറ്റി പണം ശേഖരിക്കുകയായിരുന്നു ഇയാള്‍ ചെയ്തിരുന്നത്.