കൊച്ചി: എടിഎമ്മില്‍ പണമെടുക്കാന്‍ വരുന്നവരെ സഹായിക്കാനെന്ന വ്യാജേന സമീപിച്ച് കാര്‍ഡ് കൈക്കലാക്കി പണം തട്ടിയിരുന്നയാളെ പോലീസ് പിടികൂടി.
ചേര്‍ത്തല അരൂക്കുറ്റി വടുതല ജെട്ടി തെക്കേ തങ്കേരി നജീബി(35)നെയാണു എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രായമായവരെയും സ്ത്രീകളെയുമാണ് പ്രതി തട്ടിപ്പിനിരയാക്കിയിരുന്നത്.
എടിഎമ്മില്‍നിന്നു പണം ലഭ്യമാകാന്‍ എന്തെങ്കിലും പ്രശ്നം നേരിടുന്ന സമയത്ത് ഇയാള്‍ അവരെ സമീപിക്കുകയും അവരുടെ കാര്‍ഡ് വാങ്ങി പണം എടുത്തശേഷം യഥാര്‍ഥ കാര്‍ഡ് തിരികെ നല്‍കാതെ പ്രതി കൈയില്‍ കരുതിയിരുന്ന മറ്റൊരു എടിഎം കാര്‍ഡ് തിരികെ നല്‍കുകയും ചെയ്യും.
ഇതിനുശേഷം അടുത്ത എടിഎം സെന്ററില്‍ പോയി തട്ടിയെടുത്ത കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുന്നതാണ് പ്രതിയുടെ രീതി.
അക്കൗണ്ട് ബാലന്‍സ് നോക്കുമ്പോള്‍ കൂടുതല്‍ പണമുണ്ടെങ്കില്‍ രാത്രി 11.58ന് ആ ദിവസത്തെ ബാക്കി തുകയും 12നുശേഷം പിറ്റേദിവസത്തെ തുകയും പിന്‍വലിക്കും.
കൂടാതെ കാഷ് ഡെപ്പോസിറ്റ് മെഷീന് വഴി പണം അയ്ക്കാന്‍ വരുന്നവരെയും തട്ടിപ്പിനിരയാക്കിയിരുന്നു. പണം സിഡിഎംഎ മെഷീനില്‍ ഇട്ടതിനുശേഷം കണ്‍ഫോം എന്ന് അമര്‍ത്തുന്നതിനു പകരം കാന്‍സല്‍ ചെയ്ത് പണം അയക്കാന്‍ വരുന്നവരോട് പണം അയച്ചിട്ടുണ്ടെന്ന് പറയും.
പണം നിക്ഷേപിക്കാനെത്തിയവര്‍ പോയതിനുശേഷം മെഷീന് തുറന്നു പണമെടുക്കുകയും ചെയ്യും. ഇത്തരത്തില്‍ പ്രതി നിരവധി പേരെ തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.a
ഇത്തരത്തിൽ തട്ടിയെടുത്ത പണം കാഷ് ഡെപ്പോസിറ്റ് മെഷീന് വഴി പ്രതിയുടെ അക്കൗണ്ടിലേക്ക് മാറ്റും. ഇയാളുടെ കൈയില്‍നിന്ന് മുപ്പതോളം എടിഎം കാര്‍ഡുകള്‍ പോലീസ് പിടിച്ചെടുത്തു.
ഡിസിപി എസ്. ശശിധരന്റെ നിര്‍ദേശപ്രകാരം സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ എസ്. ജയകുമാറിന്റെ മേല്‍നോട്ടത്തില്‍ സെന്‍ട്രല്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ അനീഷ് ജോയിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മാസങ്ങളോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.