മൂവാറ്റുപുഴ: എടിഎം ഹാക്കിംഗുമായി ബന്ധപ്പെട്ട് പിടിയിലായ മധ്യപ്രദേശ് സ്വദേശി സംസ്ഥാനത്ത് സമാനമായി നടന്ന മറ്റ് തട്ടിപ്പു കേസുകളിലെയും പ്രതിയെന്ന് സൂചന. വലന്പൂർ മേലത്ത് ബേസിലിന്റെ 5,15,000 രൂപയാണ് മധ്യപ്രദേശ് സ്വദേശി മുഹമ്മദ് ഷക്കീൽ ദിവാൻ (28) തട്ടിയെടുത്തത്.
2015ൽ നടന്ന സംഭവത്തിലാണ് ഇയാളെ മൂവാറ്റുപുഴ പോലീസ് മഹാരാഷ്ട്രയിൽനിന്നും അറസ്റ്റ് ചെയ്തത്. സിഐസിഐ ബാങ്ക് അക്കൗണ്ട് ഉടമയായ ബേസിലിന്റെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ വലയിലായത്. നെറ്റ് ട്രാൻസ്ഫറിംഗ് വഴി മധ്യപ്രദേശിലെ ദെമോ, ചിൻഡ്വാഡാ, നരസിംഗ്പൂർ എന്നിവിടങ്ങളിലെ വിവിധ അക്കൗണ്ടുകളിലേക്കാണ് ഇയാൾ പണം മാറ്റിയെടുത്തത്.
ആലുവയിലും, കോട്ടയത്തും കഴിഞ്ഞവർഷം സമാനമായ രീതിയിൽ നടന്ന തട്ടിപ്പുകളിലും ഇയാൾ പ്രതിയാണെന്നാണ് പോലീസിന് ലഭിച്ച വിവരം. തട്ടിപ്പുവഴി അപഹരിച്ച പണം ഇയാളുടെ അക്കൗണ്ടിലേക്കും വന്നതായിട്ടാണ് അറിയാൻ കഴിഞ്ഞിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
രാജസ്ഥാൻ ജയിലിൽ കഴിഞ്ഞിരുന്ന മുഹമ്മദ് ഷക്കീൽ ദിവാൻ ജയിൽ മോചിതനായിരുന്നു. ആഡംബര ജീവിതം നയിച്ചിരുന്ന ഇയാളുടെ ബാങ്ക് അക്കൗണ്ടുകൾ ഞെട്ടിക്കുന്നതാണെന്നും പോലീസ് പറഞ്ഞു. ഇയാൾക്കൊപ്പം രാജസ്ഥാൻ ജയിൽ സമാനമായ തട്ടിപ്പ് കേസിൽ ശിക്ഷ അനുഭവിച്ച കൂട്ടുപ്രതിയായ ആശിഷ് ഷിൻഡേയേയും ഉടൻ പിടികൂടുമെന്ന് പോലീസ് പറഞ്ഞു.
മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കിയ മുഹമ്മദ് ഷക്കീൽ ദിവാനെ റിമാൻഡ് ചെയ്തു. ഇയാളെ ഉടൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ ലഭ്യമാകുവുള്ളൂവെന്നും സിഐ സി.ജയകുമാർ പറഞ്ഞു. നിരവധി സംസ്ഥാനങ്ങളിൽ ഇത്തരത്തിൽ കോടികളുടെ തട്ടിപ്പ് നടത്തിയിട്ടുള്ളതായി അറിയാൻ കഴിഞ്ഞതായും സിഐ പറഞ്ഞു.