മുക്കം: മലയോര മേഖലയിൽ വീണ്ടും എടിഎം തട്ടിപ്പ്. തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പുല്ലൂരാമ്പാറയിലും ആനക്കാംപൊയിലിലുമാണ് എടിഎം നമ്പറും ഒടിപിയും വാങ്ങി വ്യാപകമായി പണം തട്ടിയത് .ഹോട്ടലുകളില്‍ നിന്നും പാഴ്സലായി ഭക്ഷണം വാങ്ങാന്‍ ഫോണില്‍ ഓര്‍ഡര്‍ ചെയ്ത ശേഷം എ ടി എം നമ്പര്‍ കൈക്കലാക്കിയാണ് പണം തട്ടിയത്. മിലിട്ടറി ക്യാമ്പിലേക്ക് ഭക്ഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് ഹോട്ടലുടമകള്‍ക്ക് ഫോൺ വന്നത്.
ക്യാമ്പിലേക്കാണ് ഭക്ഷണമെന്നും എടിഎം കാര്‍ഡ് നമ്പര്‍ തന്നാല്‍ പണം അക്കൗണ്ടിലേക്ക് ഇട്ടു കൊടുക്കാമെന്നും പറഞ്ഞു. കോള്‍ വന്ന നമ്പറിലെ വാട്സാപ്പില്‍ പട്ടാള യൂണിഫോമിലുളളവരുടെ ചിത്രങ്ങള്‍ കണ്ടതിനാല്‍ ഹോട്ടലുടമകള്‍ എടി എം നമ്പര്‍ കൈമാറുകയായിരുന്നു .തുടര്‍ന്ന് ഒടിപിയും ഇവര്‍ ചോദിച്ചു വാങ്ങി.ഇതിനു പിന്നാലെ അക്കൗണ്ടിലെ പണം നഷ്ടപ്പെടുകയായിരുന്നു.
പുല്ലൂരാംപാറ പള്ളിപ്പടിയിലെ ഗ്രീൻ ചില്ലി ഹോട്ടൽ ഉടമയ്ക്ക് 20,000 രൂപ നഷ്ടമായി. 3800 രൂപയുടെ ഭക്ഷണവും ഇവർ ഓർഡർ ചെയ്തിരുന്നു. ഇതും നഷ്ടമായി. മൂന്ന് തവണകളിലായാണ് പണം പിൻവലിച്ചിരിക്കുന്നത്. പുല്ലൂരാംപാറയിലെ കെടിഡിസി ഹോട്ടലിൽ നിന്നും ആനക്കാംപൊയിലിലെ ബ്രദേഴ്സ് ഹോട്ടലിൽ നിന്നും ഭക്ഷണം ഓർഡർ ചെയ്തിരുന്നു എങ്കിലും ഇവർക്ക് സംശയം തോന്നിയതിനാൽ പണം ഇല്ലാത്ത എ ടി എം നമ്പർ നൽകുകയായിരുന്നു.
ഇതോടെ ഇവർക്ക് പാഴ്സലായി എടുത്തു വച്ച ഭക്ഷണം മാത്രമാണ് നഷ്ടമായതന്ന് ബ്രദേഴ്സ് ഹോട്ടലുടമ മൂസ പറഞ്ഞു. ഹരിയാനയിലെ ഗാർഗൂൺ എന്ന സ്ഥലത്ത്നിന്നാണ് പണം പിന്‍വലിച്ചിരിക്കുന്നത്. എ ടി എം നമ്പർ നൽകിയതോടെ ഫോൺ പ്രവർത്തന രഹിതമായെന്ന് ഗ്രീൻ ചില്ലി ഹോട്ടലുടമ ആന്റോ ജോസഫ് പറഞ്ഞു. 6266920 315 നമ്പറിൽ നിന്നാണ് കോൾ വന്നിരിക്കുന്നത്. സംഭവത്തെക്കുറിച്ച് തിരുവമ്പാടി പോലീസ് അന്വേഷണമാരംഭിച്ചു.