നാദാപുരം: എടിഎം തട്ടിപ്പ് വളയം സ്വദേശിയായ യുവാവിന് പണം നഷ്ടമായി. വളയം കല്ലുനിര സ്വദേശി ചമ്പേങ്ങാട്ട് ഷാജിയുടെ 15000 രൂപയാണ് നഷ്ടപ്പെട്ടത്. കോയമ്പത്തൂരിൽ സ്വർണ്ണക്കടയിൽ ജോലി ചെയ്തിരുന്ന യുവാവിന് ചെക്യാട് എസ്ബിഐ ബാങ്കിൽ അക്കൗണ്ട് ഉണ്ടായിരുന്നു.
ശമ്പളയിനത്തിൽ കുടിശ്ശികയായുള്ള പതിനഞ്ചായിരം രൂപ കടയുടമ ഷാജിയുടെ അക്കൗണ്ടിൽ കഴിഞ്ഞ ദിവസം നിക്ഷേപിച്ചിരുന്നു. വളയത്തെ എസ്ബിഐ എടിഎമ്മിൽ വന്ന് പണം അക്കൗണ്ടിലെത്തിയ കാര്യം ഇദ്ദേഹം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.20 ന് പതിനായിരം രൂപ പിൻവലിച്ചതായി കാണിച്ച് ഫോണിൽ മെസേജ് വന്നിരുന്നു. ഒരു മിനുട്ടിന് ശേഷം അയ്യായിരം രൂപ കൂടി നഷ്ടപ്പെട്ടതായി വിവരം ലഭിച്ചു.
ഉടൻപാറക്കടവ് എസ്ബിഐ ശാഖയിലെത്തി അന്വേഷിച്ചപ്പോൾ സംഭവം സത്യമാണെന്നും എടിഎം മുഖാന്തിരമാണ് പണം പിൻവലിച്ചതെന്നും അറിയാൻ കഴിഞ്ഞു. തുടർന്ന് വളയം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഒറീസ്സയിലെ സിലിഗുഡയിൽ നിന്നാണ് പണം പിൻവലിച്ചതെന്ന് കണ്ടെത്തി.
സമാന രീതിയിൽ മേഖലയിലെ മറ്റ് ചിലർക്കും പണം നഷ്ടപ്പെട്ടിട്ടുണ്ട്.ഇത് സംബന്ധിച്ച പരാതിയും നിലനിൽക്കുന്നതിനിടെയാണ് പുതിയ തട്ടിപ്പും പുറത്ത് വന്നത്. അന്വേഷണത്തിന് ശേഷം പണം തിരിച്ച് നൽകാമെന്ന് ബാങ്ക് അധികൃതർ അറിയിച്ചതായി ഷാജി പറഞ്ഞു.