നെന്മാറ: എടിഎമ്മുകൾ കേന്ദ്രീകരിച്ചു തട്ടിപ്പുനടത്തുന്ന വിരുതനെ നെന്മാറ പോലീസ് പിടികൂടി. പൊള്ളാച്ചി ആനമല തെക്ക് തെരുവിൽ ചിന്നരാജിന്റെ മകൻ ശെന്തിൽകുമാർ (33) ആണ് അറസ്റ്റിലായത്.
കൊല്ലങ്കോട് പയ്യിലൂർ സ്വദേശിയായ രാമദാസ് (69) നൽകിയ പരാതി പ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. രാമദാസിന്റെ എംടിഎം കാർഡ് ഉപയോഗിച്ച് 12,000 രൂപ ഇയാൾ മോഷ്ടിച്ചിരുന്നു. പണമെടുക്കാൻ രാമദാസ് എടിഎമ്മിലെത്തിയപ്പോൾ സഹായിക്കാനെന്ന വ്യാജേന ശെന്തിൽകുമാർ അടുത്തുകൂടി.
കാർഡ് വാങ്ങി പിൻനമ്പർ മനസിലാക്കി പണമെടുത്തു നൽകിയശേഷം പ്രതിയുടെ കൈവശമുണ്ടായിരുന്ന കാർഡ് മാറ്റിനൽകി കബളിപ്പിക്കുകയായിരുന്നു. പിന്നീട് രാമദാസിന്റെ കാർഡുപയോഗിച്ചു പണം പിൻവലിക്കുകയായിരുന്നു.
ഒന്നരമാസത്തോളമായി എടിഎമ്മുകളിലെയും മറ്റു സ്ഥാപനങ്ങളിലെയും സിസിടിവി ക്യാമറ ദൃശ്യങ്ങളും സംശയിക്കുന്ന ആളുകളുടെ മൊബൈൽ കോളുകളും വിശദമായി പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതി പിടിയിലായത്. ഇതിനിടെ ഒളിവിൽ പോയ പ്രതിയെ ആനമല ഭാഗത്തുവച്ചു വാഹനത്തിൽനിന്നു പിടികൂടുകയായിരുന്നു. പണമെടുക്കാൻ എടിഎമ്മിൽ എത്തുന്നവരെ സഹായിക്കാനെന്ന വ്യാജേനയാണ് ഇയാൾ സമീപിക്കുന്നത്.
പിൻനമ്പർ മനസിലാക്കിയശേഷം കാർഡ് മാറ്റി നൽകിയാണ് തട്ടിപ്പു നടത്തുന്നതെന്നു പോലീസിനു ബോധ്യപ്പെട്ടു. സമാന രീതിയിൽ തട്ടിപ്പുനടത്തിയതിന് കോയമ്പത്തൂർ ഗാന്ധിപുരം പി-രണ്ട് പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരേ നാലു കേസുകൾ ഉണ്ടായിരുന്നു. തട്ടിപ്പിന്റെപേരിൽ ജയിൽവാസം അനുവഭിച്ചിട്ടുണ്ടെന്നും വിവരം ലഭിച്ചു. പാലക്കാട്, ഒലവക്കോട് ഭാഗങ്ങളിലും ഇയാൾ തട്ടിപ്പു നടത്തിയതായി തെളിഞ്ഞിട്ടുണ്ട്.
ജില്ലാ പോലീസ് മേധാവി പ്രതീഷ്കുമാർ, ആലത്തൂർ ഡിവൈ എസ്പി ഷംസുദീൻ എന്നിവരുടെ നിർദേശപ്രകാരം നെന്മാറ എസ്എച്ച്ഒ ടി.എൻ. ഉണ്ണികൃഷ്ണൻ, എസ്ഐ എൻ.എസ്. രാജീവ്, സിപിഒമാരായ പ്രമോദ്, അനന്തകൃഷ്ണൻ, ബാബു, സുഭാഷ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ സുനിൽകുമാർ, റഹിം, മുത്തു, സന്ദീപ്,സൂരജ് ബാബു, കൃഷ്ണദാസ്, ദിലീപ് എന്നിവരാണു പ്രതിയെ പിടികൂടിയത്.