നാദാപുരം: വിശാഖപട്ടണത്തെ എടിഎമ്മിൽനിന്നു പണം പിൻവലിച്ച നാദാപുരം സ്വദേശിക്ക് ലക്ഷങ്ങൾ നഷ്ടമായി. തൂണേരി സ്വദേശിക്കാണ് 2,000 രൂപ പിൻവലിച്ചതിനു പിന്നാലെ വിവിധ സമയങ്ങളിലായി 2.41 ലക്ഷം രൂപ നഷ്ടമായത്.
പെരിങ്ങത്തൂർ എസ്ബിഐയിൽ അക്കൗണ്ടുള്ള തൂണേരി സ്വദേശി വിശാഖപട്ടണം എൻടിപിസി ദീപാഞ്ജലി നഗറിലെ എടിഎം കൗണ്ടറിൽനിന്ന് രണ്ടായിരം രൂപ പിൻവലിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് അഞ്ചു ദിവസങ്ങളിലായി വിവിധ സമയങ്ങളിൽ അക്കൗണ്ടിലെ മുഴുവൻ തുകയും നഷ്ടമായത്. കഴിഞ്ഞ ദിവസം അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പണം നഷ്ടമായ വിവരം അറിയുന്നത്.
തുടർന്ന് നാദാപുരം പോലീസിൽ പരാതി നൽകി. അക്കൗണ്ടിൽനിന്നു നഷ്ടമായ തുക മുഴുവൻ പോയത് ഇതര സംസ്ഥാനത്തേക്കാണെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്.