തിരുവനന്തപുരം: റിട്ടയേഡ് ഉദ്യോഗസ്ഥന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും എടിഎം തട്ടിപ്പിലൂടെ പണം അപഹരിച്ച സംഭവത്തിൽ സൈബർ സെൽ അന്വേഷണം ആരംഭിച്ചു. പ്രതികളെ പിടികൂടാൻ സൈബർസെൽ മുംബൈ പോലീസിന്റെ സഹായം തേടിയിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
ഗലപുരം പാച്ചിറ സ്വദേശി റഹ്മത്തുള്ളയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മംഗലപുരം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സൈബർ സെല്ലും മംഗലപുരം പോലീസും സംയുക്തമായി അന്വേഷണം ആരംഭിച്ചത്. എസ്ബിഐ പള്ളിപ്പുറം ബ്രാഞ്ചിൽ അക്കൗണ്ടുള്ള റഹ്മത്തുള്ളയുടെ അക്കൗണ്ടിൽ നിന്നും ഇന്നലെ രണ്ട് തവണയായി നാൽപ്പതിനായിരം രൂപയാണ് അപഹരിച്ചത്.
മുംബൈയിലെ എടിഎം കൗണ്ടറിൽ നിന്ന് പണം പിൻവലിച്ചതായാണ് സന്ദേശം ലഭിച്ചതെന്ന് റഹ്മത്തുള്ള പോലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. പാസ്വേഡ്, അക്കൗണ്ട് നന്പർ ആവശ്യപ്പെട്ട് ആരും തന്നെ വിളിക്കാതെയാണ് പണം നഷ്ടപ്പെട്ടതെന്ന് റഹ്മത്തുള്ള പോലീസിനോട് പറഞ്ഞു. ഈ അടുത്തകാലത്തായി എടിഎം തട്ടിപ്പ് തിരുവനന്തപുരം ജില്ലയിൽ വീണ്ടും വർധിച്ച് വരികയാണ്.