ഗുരുവായൂർ: ഗുരുവായൂരിലെത്തുന്ന തീർഥാടകർക്ക് എടിഎം വഴി കുടിവെള്ളമെടുക്കാനുള്ള സംവിധാനം ഒരുക്കി നഗരസഭ കുടിവെള്ള ലഭ്യതക്ക് പുതിയ ചുവട് വയ്്ക്കുന്നു.ഇന്നലെ ചേർന്ന നഗരസഭ കൗണ്‍സിൽ യോഗത്തിൽ ഇതു സംബന്ധിച്ച് തീരുമാനമെടുത്തു. എടിഎം സ്ഥാപിക്കുന്നതിന് വാട്ടർ സൊലൂഷൻസ് എന്ന കന്പനിക്ക് 18,60,000 രൂപക്ക് കരാർ നൽകി.
കിഴക്കേനടയിലും പടിഞ്ഞാറെനടയിലും ഉൾപ്പടെ നഗരത്തിൽ ആദ്യഘട്ടത്തിൽ നാല് എടിഎമ്മുകളാണ് സ്ഥാപിക്കുന്നത്. നിശ്ചിത തുകയുടെ കോയിൻ എടിഎമ്മിൽ നിക്ഷേപിച്ചാൽ വെള്ളം ലഭിക്കും. ഒന്ന്, രണ്ട ്, അഞ്ച്, 20 ലിറ്റർ വെള്ളം ലഭിക്കുന്നതിനുള്ള സംവിധാനം എടിഎമ്മിലുണ്ടാകും.
നവംബറിൽ പദ്ധതി ആരംഭിക്കും. പദ്ധതി നടപ്പിലാകുന്നതോടെ സംസ്ഥാനത്ത് എടിഎം വഴി കുടിവെള്ളം ലഭ്യമാക്കുന്ന ആദ്യ നഗരസഭയായി ഗുരുവായൂർ മാറുമെന്ന് ചെയർപേഴ്സണ്‍ പ്രഫ. പി.കെ.ശാന്തകുമാരി, വൈസ് ചെയർമാൻ കെ.പി.വിനോദ് എന്നിവർ അറിയിച്ചു.
വാട്ടർ എടിഎമ്മിന് 18,60,000രൂപയുടെ ടെണ്ടറിനു മുൻകൂർ അനുമതി നൽകിയ ചെയർപേഴ്സന്റെ നടപടിയിൽ ദുരൂഹതയുണ്ടെന്നും അതിനാൽ അജൻഡ മാറ്റി വയ്ക്കണമെന്നും പ്രതിപക്ഷത്ത് നിന്ന് കോണ്‍ഗ്രസിലെ മുൻ പാർലമെന്ററി പാർട്ടി ലീഡർ ആന്റോ തോമസ് നേതൃത്വം നൽകുന്ന വിഭാഗം ആവശ്യപ്പെട്ടു.
എന്നാൽ അജണ്ട മാറ്റി വയ്ക്കാനാകില്ലെന്ന് ചെർപേഴ്സണ്‍ അറിയിച്ചു.ഇതോടെ കോണ്‍ഗ്രസിലെ ഒൻപത് കൗണ്‍സിലർമാർ വോട്ടെടുപ്പ് ആവശ്യപ്പെട്ട് ബഹളം വച്ചു.തുടർന്ന് വോട്ടെടുപ്പു നടത്തി എടിഎം സ്ഥാപിക്കാൻ തീരുമാനിച്ചു.അജൻഡ മാറ്റിവയക്കാത്തതിൽ പ്രതിഷേധിച്ച് കൗണ്‍സിലർമാരായ ആന്റോ തോമസ്,എ.ടി.ഹംസ എന്നിവരുടെ നേതൃത്വത്തിൽ ഒൻപത് കൗണ്‍സിലർമാർ കൗണ്‍സിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.
കോണ്‍ഗ്രസിലെ 10കൗണ്‍സിലർമാരും ലീഗിലെ ഒരു കൗണ്‍സിലറും എടിഎം സ്ഥാപിക്കുന്ന അജൻഡയ്ക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചത്.കൗണ്‍സിൽ യോഗത്തിൽ ചെയർപേഴ്സണ്‍ പ്രഫ. പി.കെ.ശാന്തകുമാരി അധ്യക്ഷയായി.