കോഴിക്കോട്: പ്രിഥ്വിരാജ് നായകനായ റോബിന്‍ഹുഡ് സിനിമയെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ ജില്ലയിലെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എടിഎമ്മുകളില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഇടപാടുകാര്‍ക്ക് ആശങ്ക. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും മുന്‍പും ഇത്തരത്തില്‍ സംഭവം ഉണ്ടായിട്ടുള്ളതാണ് ആശങ്കപടര്‍ത്തുന്നത്.
കാര്‍ഡ് ഇടുന്ന സ്ലോട്ടിനുമുകളില് കാമറ സ്ഥാപിച്ച് പിന് നന്പര് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചോര്‍ത്തിയെടുത്തതിനുശേഷം അയല്‍ സംസ്ഥാനത്തെ എടിഎം കൗണ്ടറില്‍ നിന്നാണ് സംഘം പണം തട്ടുന്നത്. ഏകദേശം 47623 രൂപയാണ് വിവിധ ഇടപാടുകാരില്‍ നിന്നായി നഷ്ടപ്പെട്ടത്. പരാതി നല്കിയവര് നല്കിയ കണക്കിന്റെ അടിസ്ഥാനത്തിലാണിത്.
ജനുവരി എട്ട്, പതിനൊന്ന് തീയതികളിലാണ് പണം പിന്‍വലിച്ചിരിക്കുന്നത്. എടിഎമ്മുകളില്‍ വിദഗ്ധമായി കാമറ ഘടിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്. എടിഎം കാര്‍ഡിടുന്ന സ്ലോട്ടില്‍ കാമറ ഘടിപ്പിച്ച് വിവരങ്ങള്‍ മുഴുവന്‍ കോപ്പിചെയ്താണ് തട്ടിപ്പ്. ജില്ലയില്‍ ചേവായൂര്‍ , പള്ളിക്കണ്ടി, പന്തീരാങ്കാവ് എന്നിവിടങ്ങളിലെ എടിഎം കൗണ്ടറുകളിലെ സ്ലോട്ടില്‍ സ്ഥാപിച്ച കാമറയില്‍നിന്ന് ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊയന്പത്തൂര്‍ ഇച്ചന്നൂരില്‍ നിന്നാണ് പണം പിന്‍വലിച്ചത്. ചേവായൂര്‍ , കസബ സ്റ്റേഷനുകളില്‍ ഇതുസംബന്ധിച്ച് രണ്ടുപേരുടെ പരാതി ലഭിച്ചിട്ടുണ്ട്. ഇടപാടുകാര്‍ക്കെല്ലാം പണം പിന്‍വലിച്ചതിന്റെ പിറ്റേന്നാണ് പണം നഷ്ടപ്പെട്ടത്.
മറ്റ് എടിഎമ്മുകളില്‍നിന്ന് വ്യത്യസ്തമായി പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എടിഎമ്മില്‍ കാമറ ഘടിപ്പിക്കാനുള്ള സ്ഥലസൗകര്യം മുതലെടുത്താണ് തട്ടിപ്പ്. പലരും പണം നഷ്ടപെട്ട വിവരം പണം പിന്‍വലിച്ചതായുള്ള സന്ദേശം ഫോണിലേക്ക് വന്നപ്പോഴാണ് അറിയുന്നത്. മിക്കപേരുടേയും പണം പൂര്‍ണമായും അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ പലര്‍ക്കും പണം നഷ്ടപ്പെട്ടത്തിന്റെ നോട്ടിഫിക്കേഷനുകള്‍ ലഭിച്ചിട്ടില്ല. ചേവായൂര്‍ എടിഎമ്മിലെ സിസിടിവി കാമറകളില്‍ നിന്ന് എടിഎമ്മില്‍ കാമറ ഘടിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ മറ്റ് രണ്ട് എടിഎമ്മുകളിലും സിസിടിവി കാമറയില്ല.
കഴിഞ്ഞ 11ന് രാവിലെ 6.45നും എട്ടിനുമിടയ്ക്ക് തൊപ്പിവച്ച് മഞ്ഞയും കറുപ്പും ടീഷര്‍ട്ടുകള്‍ ധരിച്ച രണ്ടുപേര്‍ എടിഎമ്മിലെത്തി കാമറ ഘടിപ്പിക്കുന്ന ദൃശ്യങ്ങളാണ് പോലീസ് ലഭിച്ചിരിക്കുന്നത്. രാവിലെ ആയതിനാല്‍ മിക്ക എടിഎമ്മുകളിലും തിരക്ക് കുറവായ സാഹചര്യം നോക്കിയാണ് കാമറ ഘടിപ്പിച്ചിരിക്കുന്നത്.
പ്രതികളെ കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചതായാണ് അറിയുന്നത്. കസബ എസ്ഐ വി. സുജിത്ത് നേതൃത്വത്തില്‍ ഒരു സംഘം പോലീസ് അന്വേഷണത്തിനായി ഇന്ന് കോയമ്പത്തൂരിലേക്ക് തിരിക്കും. സംസ്ഥാന വ്യപകമായി തട്ടിപ്പ് നടന്നതായാണ് പോലീസ് സംശയിക്കുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എടിഎം ഉപയോഗിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് പോലീസ് അറിയിച്ചു.
പന്തീരാങ്കാവിലെ പഞ്ചാബ് നാഷണല്‍ ബാങ്ക് എടിഎം ബൈപ്പാസിനോട് ചേര്‍ന്നാണുള്ളത്. പരാതിക്കാരിയായ ഷീബ എന്നയാള്‍ക്ക് 17,400 രൂപയാണ് നഷ്ടമായത്. പണം പിന്‍വലിച്ചത് കൊയമ്പത്തൂരില് നിന്നാണെന്നതിനാല്‍ കൊയമ്പത്തൂരില് നിന്നുള്ള സംഘമാണ് തട്ടിപ്പിനു പിന്നിലെന്നാണ് പോലീസ് നല്കുന്ന സൂചന.
അതുകൊണ്ടുതന്നെ അന്വേഷണം ഇതരസംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്. ഒരു ബാങ്കിന്റ എടിഎം മാതം കേന്ദ്രീകരിച്ച് നടത്തിയ തട്ടിപ്പ് മറ്റ് ഇടപാടുകാരെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.