കോഴിക്കോട്: ഇടപാടുകാരെ ഭീതിയിലാഴ്ത്തിയ പഞ്ചാബ് നാഷണല്‍ ബാങ്ക് എടിഎം തട്ടിപ്പ് കേസില്‍ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട കാസര്‍ഗോഡ് ചട്ടംകുഴി സ്വദേശി റമീസ് എന്ന നൗമാന്‍ (33) കോഴിക്കോട് താമസിച്ചത് 20 ദിവസം. ചൊവ്വാഴ്ച അറസ്റ്റിലായ ഫോര്‍ട്ട് കൊച്ചി സി.പി. തോട് സ്വദേശിയും ഇപ്പോള്‍ കൊളത്തറ കണ്ണാട്ടിക്കുളത്ത് താമസക്കാരനുമായ എം.ഇ. ഷാജഹാന്റെ (43) കുടുംബവുമായുള്ള വഴിവിട്ട ബന്ധമാണ് തട്ടിപ്പിന് കോഴിക്കോട് തെരഞ്ഞെടുക്കാന്‍ കാരണമായതെന്ന് പോലീസ് പറയുന്നു.
കൊച്ചിയില്‍ ഐസ് ഫാക്ടറി ജീവനക്കാരനായ ഷാജഹാന് മുന്‍പ് കോട്ടയത്തെ ഡീഅഡിക്ഷന് സെന്ററില്‍ അഡ്മിറ്റായിരുന്നു. ആ സമയത്താണ് ഇയാളുടെ കുടുംബം കാസര്‍ഗോഡ് സ്വദേശി റമീസിനെ പരിചയപ്പെടുന്നത്. പിന്നീട് ഷാജഹാന്റെ കുടുംബം പലതവണ റമീസിന്റ അതിഥികളായി പോണ്ടിച്ചേരിയില്‍ താമസിച്ചിട്ടുണ്ട്. പോണ്ടിച്ചേരിയിലെ എടിഎം കൗണ്ടറുകളിലും, പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ചും റമീസിന്റെ നേതൃത്വത്തില്‍ പല തവണ എടിഎം തട്ടിപ്പുകള്‍ നടത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഷാജഹാന്റെ കുടുംബവുമായുള്ള റമീസിന്റെ ബന്ധമാണ്, തട്ടിപ്പിന് കോഴിക്കോട് നഗരം തെരഞ്ഞെടുക്കാന്‍ കാരണം. ഷാജഹാന് കൊച്ചിയില്‍ ഒറ്റയ്ക്കാണ് താമസം. കഴിഞ്ഞ ഡിസംബര്‍ 26-് കോഴിക്കോട്ടെത്തിയ റമീസ്, ജനുവരി 16വരെ കൊളത്തറയിലെ ഷാജഹാന്റെ വീട്ടില്‍ താമസിച്ചതായി പോലീസ് കണ്ടെത്തി. അവിടെ താമസിച്ച് ഷാജഹാന്റെ കുടുംബത്തോടൊപ്പം നഗരപരിസരങ്ങളില്‍ ചുറ്റിക്കറങ്ങിയാണ് ആന്റി സ്കിമ്മര്‍ സംവിധാനമില്ലാത്ത പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എടിഎമ്മുകള്‍ എവിടെയെന്ന് കണ്ടെത്തിയത്.
തട്ടിപ്പ് നടത്തുന്ന രീതിയടക്കം വിവരങ്ങള്‍ ഷാജഹാന്റെ ഭാര്യയ്ക്ക് അറിയാമായിരുന്നെന്നും പോലീസ് കണ്ടെത്തി. ഇതോടെയാണ് ഇവരേയും പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പോലീസ് ആലോചിക്കുന്നത്. റമീസിനെ പിടികൂടിയ ശേഷമായിരിക്കും പ്രതിപ്പട്ടിക വിപുലീകരിക്കുക.കോഴിക്കോട്ടെ പിഎന്‍ബി എടിഎം കൗണ്ടറില്‍ സ്കിമ്മര്‍ സ്ഥാപിക്കുന്നതിനിടെ പ്രതികളിലൊരാളായ കാസര്‍ഗോഡ് രാംദാസ്നഗര്‍ ജെപി കോളനി സ്വദേശി മുഹമ്മദ് ബിലാല്‍ എന്ന ബില്ലു(28)അറിയാതെ കാമറയിലേക്ക് നോക്കിപ്പോയതാണ് സംഘം ഇത്രയും വേഗം അറസ്റ്റിലാകാന്‍ കാരണം.
ഒളിവില്‍പോയ ബിലാല്‍, റമീസ്, ജുനൈദ് എന്നീ കാസര്‍ഗോഡ് സ്വദേശികളെ എത്രയും വേഗം വലയിലാക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണ് കോഴിക്കോട് സിറ്റി പോലീസ്. ഇവര്‍ക്കായി മംഗലാപുരം, ബംഗളൂരു മേഖലയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.
എടിഎം തട്ടിപ്പു കേസില്‍ സൂത്രധാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ ചൊവ്വാഴ്ച അറസ്റ്റിലായിരുന്നു. കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് അജാനൂര്‍ കൊളവയല്‍ കുറുമ്പ ഭഗവതി അമ്പലത്തിനടുത്ത പാലയില്‍ ക്വാര്‍ട്ടേഴ്സിനു സമീപം താമസിക്കുന്ന അബ്ദുറഹ്മാന് സഫ്വാന്( 18) തൃക്കരിപ്പൂര്‍ മേട്ടമ്മല്‍ ജമന്ത് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന അബ്ബാസ് (26), ഫോര്‍ട്ട് കൊച്ചി സി.പി. തോട് സ്വദേശിയും ഇപ്പോള്‍ കൊളത്തറ കണ്ണാട്ടിക്കുളത്ത് താമസക്കാരനുമായ എം.ഇ. ഷാജഹാന് (43) എന്നിവരാണ് പിടിയിലായത്.