അഞ്ചൽ: മടത്തറയില്‍ എസ്ബിഐ യുടെ എടിഎമ്മില്‍ നിന്നും പിന്‍വലിച്ച രണ്ടായിരത്തിന്റെ നോട്ടുകള്‍ ചിതലരിച്ചതായി കാണപ്പെട്ട സംഭവത്തിൽ കൈമലര്‍ത്തി ബാങ്ക് അധികൃതര്‍.
കഴിഞ്ഞ ദിവസം മടത്തറ ചല്ലിമുക്കില്‍ വിജയവിലാസത്തില്‍ ലാലിക്കാണ് ചിതലരിച്ച നോട്ടുകള്‍ ലഭിച്ചത്. ഇരുപതിനായിരം രൂപ പിന്‍വലിച്ചപ്പോള്‍ കിട്ടിയ രണ്ടായിരത്തിന്റെ നോട്ടുകളില്‍ നാലുനോട്ടുകളാണ് ചിതലരിച്ച നിലയില്‍ ലഭിച്ചത്.
ഉടന്‍ തന്നെ മടത്തറയില്‍ പ്രവര്‍ത്തിക്കുന്ന എസ്ബിഐ ശാഖയുമായി ബന്ധപ്പെട്ടെങ്കിലും ബാങ്ക് അധികൃതര്‍ കൈമലര്‍ത്തുകയായിരുന്നു. സ്വകാര്യ ഏജന്‍സിയാണ് തുക എടിഎമ്മില്‍ നിക്ഷേപിക്കുന്നതെന്നും തങ്ങള്‍ക്കിതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നുമാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.
തുക മാറ്റി എടുക്കണം എങ്കില്‍ റിസര്‍വ് ബാങ്കില്‍ പോകാനും ബാങ്ക് അധികൃതര്‍ പറയുന്നു. ആശുപത്രിയില്‍ ചികിത്സ ആവശ്യത്തിനായിട്ടാണ് ലാലി തുക പിന്‍വലിച്ചത്. ഇനി എന്ത് ചെയ്യുമെന്ന് അറിയില്ലെന്നു ലാലി പറയുന്നു.
അതേസമയം കഴിഞ്ഞ ദിവസം ഇവിടെ നിന്നും തുക പിന്‍വലിച്ച നിരവധിയാളുകള്‍ക്ക് ഇത്തരത്തില്‍ ചിതല് അരിച്ചതും പൊടിഞ്ഞുപോകുന്നതുമായ നോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. പരാതി എത്തിയതോടെ അധികൃതര്‍ ഉടന്‍ എടിഎം കൗണ്ടര്‍ അടച്ചിടുകയാണ് ഉണ്ടായത്.