ന്യൂഡല്‍ഹി: വലിയ തുകകളുടെ കറന്‍സികള്‍ റദ്ദാക്കി. പണമെടുക്കാന്‍ ആളുകള്‍ എടിഎമ്മുകളില്‍ കയറിയിറങ്ങുന്നു. ഏഷ്യ–പസഫിക് റീജണില്‍ സൈബര്‍ അക്രമികള്‍ എടിഎമ്മുകള്‍ ലക്ഷ്യമിടുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍. 2017ല്‍ എടിഎം കേന്ദ്രീകരിച്ചുള്ള സൈബര്‍ ആക്രമണങ്ങളുടെ എണ്ണം വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സൈബര്‍ ആക്രമണങ്ങള്‍ ഇന്ത്യയെ ഏറ്റവുമധികം ബാധിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അവികസിത രാജ്യങ്ങളിലെ എടിഎമ്മുകള്‍ പ്രവര്‍ത്തിക്കുന്നത് പഴയ എടിഎം സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ചും വിന്‍ഡോസ് എക്‌സ്പിയിലുമാണ്. അതുകൊണ്ടുതന്നെ സൈബര്‍ അക്രമികള്‍ക്ക് നെറ്റ്വര്‍ക്കിനുള്ളില്‍ അനായാസം കടന്നുകൂടി തട്ടിപ്പുകള്‍ നടത്താനാകുമെന്ന് അമേരിക്കന്‍ സൈബര്‍ സെക്യൂരിറ്റി കമ്പനിയായ ഫയര്‍ ഐ പറയുന്നു.
അടുത്തിടെ ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ന്നെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ചില പ്രമുഖ ഇന്ത്യന്‍ ബാങ്കുകള്‍ ഡെബിറ്റ് കാര്‍ഡ് പ്രവര്‍ത്തനങ്ങള്‍ ബ്ലോക്ക് ചെയ്തിരുന്നു. ഇന്ത്യന്‍ ഫിനാന്‍ഷല്‍ രംഗത്തെ ഏറ്റവും വലിയ ഡാറ്റാ ചോര്‍ത്തലായാണ് ഇത് വിലയിരുത്തപ്പെട്ടത്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, യെസ് ബാങ്ക് തുടങ്ങിയ ബാങ്കുകളിലെ എടിഎം വിവരങ്ങളാണു ചോര്‍ന്നത്. ഇതേത്തുടര്‍ന്ന് എസ്ബിഐ ആറു ലക്ഷം ഡെബിറ്റ് കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തു.
ഈ വര്‍ഷത്തെ ഏറ്റവും വലിയ മാല്‍വെയര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നത് ജപ്പാനും ബംഗ്ലാദേശിനുമാണ്. ഇതിനു പിന്നാലെ ഇന്ത്യയിലെ ബാങ്കിംഗ് വിവരങ്ങള്‍ ചോര്‍ത്തിയത് ഭീതിയുണര്‍ത്തുന്നുണ്ട്.2017ല്‍ ഒരുപക്ഷേ മതാധിഷ്ഠിത സ്ഥാപനങ്ങളെയും സൈബര്‍ പോരാളികള്‍ ആക്രമിച്ചേക്കാമെന്ന സൂചനയും ഫയര്‍ ഐ നല്കുന്നുണ്ട്. ഏഷ്യാ–പസഫിക് റീജണില്‍ ഏറ്റവുമധികം സെബര്‍ ആക്രമണങ്ങള്‍ ചൈനയില്‍നിന്നാണ്.അടുത്തിടെ കൊബാള്‍ട്ട് എന്ന ഹാക്കര്‍ ഗ്രൂപ്പ് യൂറോപ്പിലെ എടിഎമ്മുകളില്‍ കടന്നുകൂടിയിരുന്നു. ഇതേത്തുടര്‍ന്ന് മെഷീനുകളില്‍നിന്ന് വലിയ തോതില്‍ പണം നഷ്ടപ്പെട്ടു.