തൃശൂർ: എടിഎം കവർച്ച കേസിൽ കേരള പോലീസിന്റെ കസ്റ്റഡിയിൽ വിട്ടുകൊടുത്ത അഞ്ചു പ്രതികളെ തിരികെ കസ്റ്റഡി കാലാവധി കഴിഞ്ഞ് തമിഴ്നാട്ടിലെത്തിച്ചതോടെ പ്രതികളെ കസ്റ്റഡിയിൽ വീണ്ടും വിട്ടുകിട്ടാനായി കേരള പോലീസ് നാമക്കലിലെത്തി.
വിയ്യൂർ, ഇരിങ്ങാലക്കുട പോലീസ് പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അപേക്ഷ നൽകും. മഹാനവമി, പൂജവയ്പ് അവധി വരുന്നതിനാൽ ഈയാഴ്ച അവസാനത്തോടെ മാത്രമേ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വിട്ടുകിട്ടാൻ സാധ്യതയുള്ളുവെന്ന് പോലീസ് പറയുന്നു.
ആന്ധ്രപോലീസ് അടക്കം ഇന്ത്യയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ളവരും തമിഴ്നാട്ടിൽ പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാനെത്തുന്നുണ്ട്.
പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പ്രതി മുഖ്യസൂത്രധാരനെന്ന് സംശയം
തൃശൂരിൽ നിന്ന് എടിഎമ്മുകൾ തകർത്ത് പണവുമായി രക്ഷപ്പെടുന്നതിനിടെ തമിഴ്നാട്ടിൽ പിടിയിലായ പ്രതികളിൽ പോലീസുമായുള്ള ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പ്രതിയാണ് കവർച്ചയുടെ മുഖ്യ സൂത്രധാരനെന്ന് സൂചന. തൃശൂർ ഈസ്റ്റ് പോലീസ് അഞ്ചുപ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഈ നിർണായക വിവരം ലഭിച്ചിരിക്കുന്നത്.
കൊല്ലപ്പെട്ട പ്രതിയും ചികിത്സയിൽ കഴിയുന്നയാളുമാണ് കവർച്ച ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നാണ് വിവരം. ചികിത്സയിൽ കഴിയുന്ന പ്രതിയെയും ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുക്കാൻ അപേക്ഷ നൽകും. പരിക്കുകൾ ഭേദപ്പെടുന്ന സ്ഥിതിക്ക് ഇയാളെ കസ്റ്റഡിയിലെടുക്കും. ഇയാളെ ചോദ്യംചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ എടിഎം കവർച്ചയുമായി ബന്ധപ്പെട്ട് ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.