തൃശൂർ: വർധിച്ച എടിഎം കവർച്ച തടയാൻ ജില്ലയിലെ ബാങ്കുകളും പോലീസും ചേർന്ന് സുരക്ഷാ പദ്ധതി ഓപ്പറേഷൻ അലാം നടപ്പിലാക്കും. ബാങ്കിലെ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ജനമൈത്രി കൂട്ടായ്മകളും പോലീസും ഒരുമിച്ചാണ് വിവരങ്ങൾ കൈമാറി കവർച്ചക്കാരെ തടയുക. സിറ്റി പോലീസ് കമ്മീഷണർ യതീഷ്ചന്ദ്രയുടെ അധ്യക്ഷതയിൽ സിറ്റി പോലീസ് ഓഫീസിൽ നടന്ന ജില്ലയിലെ 42 ബാങ്കു ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.
ആദ്യഘട്ടത്തിൽ എല്ലാ എടിഎമ്മുകളുടെയും സുരക്ഷാ പരിശോധനയും സിസിടിവി ക്യാമറകളുടെ പ്രവർത്തനക്ഷമതയും വിലയിരുത്തും. സുരക്ഷാ ജീവനക്കാരില്ലാത്ത അഞ്ഞൂറിലധികം എടിഎം മെഷീനുകൾക്ക് സ്വയം സുരക്ഷാ അലാം നടപ്പാക്കുന്നതോടെ എടിഎം മെഷീൻ തകർക്കാനോ, സിസിടിവി കാമറ മറയ്ക്കാനോ തകർക്കാനോ ശ്രമിച്ചാൽ ഉടനേ അലാറം പ്രവർത്തിയ്ക്കുന്ന രീതിയില്ക്ക് ബാങ്കുകൾ സജ്ജീകരണം മാറ്റണമെന്ന് കമ്മീഷണർ നിർദശിച്ചു.
രണ്ടാംഘട്ടത്തിൽ എടിഎം കേന്ദ്രങ്ങളെ ലൈവ് കാമറ വഴി ബന്ധിപ്പിച്ച് ജില്ലാ പോലീസ് കണ്ട്രോൾ റൂമിലും വിവരം ലഭ്യമാക്കുന്ന തരത്തിലേയ്ക്ക് പദ്ധതി വിപുലമാക്കും. എടിഎം സുരക്ഷാ വാതിലുകളും ഷട്ടറുകളും ബലപ്പെടുത്തും. ആർക്കും സ്വയം ഓപ്പറേറ്റുചെയ്യാവുന്ന സ്വിച്ചുകളും ഷട്ടറുകളും സുരക്ഷാ ഭാഗമായി പൂട്ടിയിടും.
സെൻസറുകളും ആധുനിക കാമറകളും വഴി കള്ളന്മാരുടെ മുഖം വ്യക്തമായി ഒപ്പിയെടുക്കാവുന്ന രീതിയിലേയ്ക്ക് കാമറകളെ സജ്ജമാക്കും. മെഷീനുകളിൽ പണം നിറയ്ക്കാനെത്തുന്നവാഹനങ്ങളുടേയും സ്ഥിരമായി ഇടപെടുന്നവരുടെയും വിവരങ്ങൾ പോലീസ് നിരീക്ഷിയ്ക്കും. സുരക്ഷാ ഗാർഡുകൾക്കും. സെക്യൂരിറ്റി ഏജൻസികൾക്കും ആയുധലൈസൻസ് നൽകുന്നതിനായി ബാങ്കുകളുടെ ശുപാർശയ്ക്ക് പോലീസ് കൂടുതൽ പ്രാധാന്യം നൽകും.
എടിഎം, ഒടിപി തട്ടിപ്പ് വഴി വ്യാപകമായി പണം ചോർത്തുന്നതു തടയാൻ ബാങ്കുകളും, സൈബർ പോലീസും ഒരുമിച്ച് തീരുമാനങ്ങളെടുക്കുന്നതിനായി പ്രത്യേക വിദഗ്ദരുടെ നേതൃത്വത്തിൽ പദ്ധതിയും സംവിധാനങ്ങളും ജില്ലയിൽ നടപ്പാക്കിത്തുടങ്ങി. യോഗത്തിൽ ലീഡ് ബാങ്ക് മാനേജർ കെ.ആർ കനകാംബരൻ, എ.സി.പി മാരായ വി.കെ രാജു, പി.എ ശിവദാസൻ, ടി.എസ് സിനോജ് എന്നിവർ പ്രസംഗിച്ചു.