കണ്ണൂർ: സിനിമാക്കഥയെ വെല്ലുന്ന കവർച്ചാരീതികളുള്ള ഉത്തരേന്ത്യൻ സംഘത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത്.
കണ്ണപുരത്ത് എടിഎം കവർച്ച നടത്തിയ സംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് അവിശ്വസനീയമായ പ്രഫഷണൽ കവർച്ചയുടെ ചുരുളഴിയുന്നത്.
കല്യാശേരി, മാങ്ങാട്, ഇരിണാവ് എന്നിവിടങ്ങളിൽ ഗ്യാസ് കട്ടർ ഉപയോഗിച്ച് കവർച്ച നടത്തിയതിനുപിന്നിൽ ഒരേ സംഘമാണെന്ന പ്രാഥമിക നിഗമനത്തിൽ പോലീസ് എത്തുകയായിരുന്നു.
തുടർന്ന് സിസിടിവി കാമറകളും മൊബൈൽ ഫോണുകളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഉത്തരേന്ത്യയിലെ കുപ്രസിദ്ധ കവർച്ചക്കാരെ പോലീസ് പിടികൂടിയത്.
ബൊലേറോ ജീപ്പും കണ്ടെയ്നർ ട്രക്കും കവർച്ചയ്ക്ക് ഉപയോഗിച്ചതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ദേശീയപാതയിൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാനായത്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് ഭക്ഷ്യസാധനങ്ങളുമായി കണ്ടെയ്നർ ട്രക്കിൽ എത്തുന്ന സംഘം സാധനം എത്തിച്ചശേഷമാണ് ഓപ്പറേഷൻ ആരംഭിക്കുന്നത്.
ഏഴുപേരാണ് കവർച്ചാസംഘത്തിലുള്ളത്. ട്രക്ക് ഡ്രൈവറായ നോമാൻ യാത്രയിൽത്തന്നെ കവർച്ച നടത്തേണ്ട എടിഎം മനസിലാക്കിവയ്ക്കും.
ഒറ്റപ്പെട്ട സ്ഥലത്തുള്ളതും ആളുകളുടെ സാന്നിധ്യമില്ലാത്ത സ്ഥലങ്ങളിലെ എടിഎമ്മുകളാണ് പ്രധാനമായും തെരഞ്ഞെടുക്കുന്നത്. സംഘാംഗങ്ങളിലൊരാൾ പകൽസമയത്ത് എടിഎമ്മിലെത്തി പരിസരം വീക്ഷിച്ച് പ്രശ്നങ്ങളില്ലെന്ന് ഉറപ്പുവരുത്തും.
കവർച്ച നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലവും എടിഎം മെഷീനെക്കുറിച്ചും വ്യക്തമായ ധാരണ സംഘാംഗങ്ങൾക്ക് നൽകും.
തുടർന്ന് അർധരാത്രിയോടെയാണ് വളരെ വിദഗ്ധമായി ഓപ്പറേഷൻ ആരംഭിക്കുക. സംഘമായെത്തുന്ന കവർച്ചക്കാരിൽ ഒരാൾ ആദ്യം സിസിടിവി കാമറ ഇളക്കിമാറ്റും.
തുടർന്ന് രണ്ടുപേർ ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം മെഷീൻ കട്ട് ചെയ്യും. ഇതിനിടെ ഒരാൾ കട്ട് ചെയ്തു മാറ്റിയ ഭാഗത്തിലൂടെ കൈയിട്ട് പണം ബാഗിൽ വാരിനിറയ്ക്കും.
10-15 മിനിറ്റിനുള്ളിൽ ദൗത്യം പൂർത്തിയാകും. അപ്പോഴേക്കും ബൊലേറോ ജീപ്പുമായി മറ്റൊരാൾ പുറത്ത് കാത്തുനിൽക്കുന്നുണ്ടാകും.
ഉടൻ വാഹനത്തിൽ കയറി രക്ഷപ്പെടും. ഇതാണ് ഇവരുടെ മോഷണരീതി. വ്യക്തമായ പ്ലാനിംഗിന്റെ അടിസ്ഥാനത്തിന്റെ മാത്രമേ കവർച്ച നടത്തുകയുള്ളൂ. എടിഎം കേന്ദ്രീകരിച്ചുള്ള കവർച്ച മാത്രമാണ് ഇവർ നടത്താറുള്ളത്.
മുഖ്യപ്രതികൾ അറസ്റ്റിൽ
കണ്ണൂർ: കണ്ണപുരത്ത് എടിഎമ്മുകൾ തകർത്ത് കവർച്ച നടത്തിയ ഉത്തരേന്ത്യക്കാരായ മൂന്ന് കുപ്രസിദ്ധ കവർച്ചക്കാർ അറസ്റ്റിൽ.
ഹരിയാനയിലെ മേവാത്ത് സ്വദേശികളായ നോമാൻ (30), സൂജുദ് (33), രാജസ്ഥാനിലെ ജുർഹാദ് ഗ്രാമവാസിയായ മുവീൻ (34) എന്നിവരാണ് അറസ്റ്റിലായതെന്ന് സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഹരിയാന പോലീസിന്റെ സഹായത്തോടെ ഹരിയാന-ഡൽഹി അതിർത്തിയിൽവച്ച് അറസ്റ്റിലായ പ്രതികളെ കണ്ണൂരിലെത്തിച്ചു.
കണ്ണൂർ അസി. കമ്മീഷണർ പി.പി. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കവർച്ചാസംഘത്തിൽ ഏഴുപേർ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. മറ്റു പ്രതികളെക്കുറിച്ച് കൃത്യമായ വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ 20ന് അർധരാത്രിയാണ് കണ്ണപുരം, മാങ്ങാട്, ഇരിണാവ് എന്നിവിടങ്ങളിലെ എടിഎമ്മുകൾ തകർത്ത് 24,11,900 രൂപ കവർച്ച ചെയ്തത്.
ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് കവർച്ച നടത്തിയത്. പ്രതികളിൽനിന്ന് 16 ലക്ഷം രൂപ കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
ഡൽഹി കോടതിയിൽ ഹാജരാക്കിയ പ്രതികളെ ചൊവ്വാഴ്ച വൈകുന്നേരത്തോടെ കണ്ണൂരിൽ എത്തിച്ചു. ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.