കൊച്ചി: പോലീസിന്റെ ഭാഗത്തുനിന്ന് ഉള്‍പ്പെടെ കര്‍ശന പരിശോധനകള്‍ നിലച്ചതോടെ ജില്ലയിലെ മിക്ക എടിഎമ്മുകളിലും സാനിറ്റൈസർ കുപ്പികള്‍ കാലി.
ദിവസവും നൂറുകണക്കിനു ഉപഭോക്താക്കളെത്തുന്ന ദേശസാല്‍കൃത ബാങ്കുകളുടേതടക്കം എടിഎമ്മുകളില്‍ പലയിടങ്ങളിലും സാനിറ്റൈസർ കിട്ടാക്കനിയായി.
സംസ്ഥാനത്ത് ദിവസവും ഏറ്റവും കൂടുതല്‍ പേര്‍ക്കു രോഗം സ്ഥിരീകരിക്കുന്നത് ജില്ലയിലാണെന്നിരിക്കെയാണു ഈ ജാഗ്രതക്കുറവ്.
ദിവസവും ആയിരക്കണക്കിനാളുകൾ വന്നുപോകുന്ന എറണാകുളം നഗരത്തിലെ ചില എടിഎമ്മുകളില്‍ സാനിറ്റൈസറിന്റെ കാലികുപ്പിപോലും കാണാനില്ലാത്ത സ്ഥിതിയാണ്.
റെയില്‍വേ സ്റ്റേഷനുകള്‍ക്കു സമീപവും നഗരത്തിലെ പ്രധാന ജംഗ്ഷനുകളിലെ ചില എടിഎമ്മുകളിലുമാണു കോവിഡ് പ്രോട്ടാക്കോള്‍ ലംഘനം.
കൈകള്‍ കഴുകാന്‍ സോപ്പും വെള്ളവും ഇവിടങ്ങളില്‍ ലഭ്യമല്ല. എടിഎമ്മുകളില്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടുതാനും.
ഇടപാടുകള്‍ക്കു മുമ്പും ശേഷവും സാനിറൈസര്‍ ചെയ്യണമെന്നാണു അധികൃതര്‍ പറയുന്നത്. എന്നാല്‍ സ്വന്തം കൈയില്‍ സാനിറൈസര്‍ കരുതിയില്ലെങ്കില്‍ നിർദേശം പാലിക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.
ഇതര സംസ്ഥാനങ്ങളില്‍നിന്നടക്കം എത്തുന്നവര്‍ കൂടുതലായി ഉപയോഗിക്കുന്ന എടിഎമ്മുകളില്പോലും ഇത്തരത്തില്‍ സാനിറ്റൈസര്‍ ലഭ്യമല്ലാത്തതു രോഗം വിളിച്ചുവരുത്തും.
നേരത്തേ കൊച്ചി റൂറല്‍ പോലീസും സിറ്റി പോലീസും നടത്തിയ കള്‍ശന പരിശോധനകളില്‍ ഇത്തരത്തിലുള്ള നിയമലംഘനങ്ങള്‍ കണ്ടെത്തുകയും നിയമനടപടികള്‍ സ്വീകരിക്കുമെന്നു മുന്നറിയിപ്പു നൽകുകയും ചെയ്തിരുന്നു.
നിലവില്‍ പരിശോധനകള്‍ കുറഞ്ഞതോടെയാണ് എടിഎമ്മുകളില്‍ പലതിലും സാനിറ്റൈസർ ഇല്ലതാകാൻ കാരണമെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്.