വൈപ്പിൻ: പുതുവൈപ്പിൽ ഇന്നലെ പുലർച്ചെ നടന്ന എടിഎം കവർച്ചാ ശ്രമത്തിനായി മോഷ്ടാവെത്തിയത് റോബിൻഹുഡ് എന്ന സിനിമയിൽ എടിഎമ്മിൽനിന്നു പണം അപഹരിക്കാനെത്തുന്ന നടൻ പൃഥിരാജിനെ വെല്ലുന്ന വേഷത്തിൽ. മുഖം ടവ്വൽകൊണ്ട് മുക്കാൽ ഭാഗവും മറച്ചു തല മുഴുവൻ മൂടി നിൽക്കുന്ന നീണ്ട തൊപ്പിയും ധരിച്ച് പുറകിൽ ഒരു ക്യാരി ബാഗും ഇട്ടാണ് ഇയാൾ കൗണ്ടറിൽ പ്രവേശിച്ചത്.
കൈയിൽ കോടാലി ഉണ്ടായിരുന്നു. പ്രതി ഒന്നര ലക്ഷം രൂപയ്ക്കു വാങ്ങിയ ന്യൂ ജനറേഷൻ മോട്ടോർ ബൈക്കിന്റെ കടം വീട്ടാനാണ് മോഷണത്തിനു മുതിർന്നതെന്നു പോലീസ് പറഞ്ഞു. ഇതിനായി ന്യൂസ് ചാനലിൽ വന്നിട്ടുള്ള എടിഎം കൗണ്ടർ കവർച്ചകൾ യൂട്യൂബിൽ പലകുറി കണ്ട് പരിശീലനം നേടി. കൈകളിൽ ഗ്ലൗസ് ധരിച്ചിരുന്ന പ്രതി അതിന്മേൽ സെല്ലോടേപ്പ് ചുറ്റിയിരുന്നു.
പുറമെ ധരിച്ചിരുന്ന ഓവർകോട്ടിനുള്ളിൽ എട്ടു ഷർട്ടുകളാണ് ധരിച്ചിരുന്നത്. പണമപഹരിച്ച് രക്ഷപ്പെട്ട് കഴിഞ്ഞാൽ കടന്നുപോകുന്ന മേഖലയിലെ സിസിടിവി കാമറ ദൃശ്യങ്ങൾ വച്ച് അന്വേഷണം നടത്തുന്പോൾ പോലീസിനെ കബളിപ്പിക്കാനായിരുന്നു ഇത്.
നിശ്ചിത ദൂരം പിന്നിട്ടു കഴിയുന്പോൾ ഷർട്ടുകൾ ഓരോന്ന് ഊരി ഉപേക്ഷിക്കാനായിരുന്നു പദ്ധതി. എന്നാൽ എടിഎം കൗണ്ടറിനുള്ളിലെ സുരക്ഷാ സംവിധാനം വഴി മുംബൈയിലുള്ള സെൻട്രലൈസ്ഡ് കണ്ട്രോൾ റൂമിൽനിന്നു പോലീസിനു ലഭിച്ച അപായസൂചന പ്രതിയുടെ പദ്ധതി തകിടം മറിച്ചു. നാട്ടിൽ ക്ലീൻ ഇമേജുള്ള പ്രതിക്ക് മറ്റ് ക്രിമിനൽ പാശ്ചാത്തലങ്ങൾ ഒന്നുംതന്നെ ഇല്ലെന്നാണു ലഭിക്കുന്ന സൂചന.