അഗളി: അട്ടപ്പാടിയിൽ തുരുത്തിൽ കുടുങ്ങിയ ആറംഗ കുടുംബത്തെ അക്കരെയിക്കരെ കയർ കെട്ടി രക്ഷിച്ചു. അഗളി പഞ്ചായത്തിൽ പട്ടിമാളം കോണാർതുരുത്തിലാണ് പതിനൊന്നുമാസം പ്രായമുള്ള കുഞ്ഞും എട്ടുമാസം ഗർഭിണിയായ യുവതിയും അടക്കമുള്ള കുടുംബത്തെ ഫയർഫോഴ്സ് കയർ കെട്ടി മറുകര കടത്തിയത്.
ഭവാനിപ്പുഴ കരകവിഞ്ഞതോടെ രണ്ടു ദിവസമായി ഇവർ വീട്ടിൽ അകപ്പെട്ട നിലയിലായിരുന്നു. ശെൽവരാജ്, പളനിയമ്മ, മകൻ മുരുകേശൻ, ഭാര്യ ലാവണ്യ, പതിനൊന്നുമാസം പ്രായമായ കുട്ടി മൈന, ജോലിക്കാരൻ പൊന്നൻ എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്.
ഇക്കരെ കടക്കാനുള്ള താത്കാലിക പാലം ഒഴുകിപ്പോയതോടെ ഇവർ കുടുങ്ങുകയായിരുന്നു. കുത്തൊഴുക്കുള്ള ഭവാനിപ്പുഴയിൽ രക്ഷാപ്രവർത്തനവും ദുഷ്കരമായി. രക്ഷാപ്രവർത്തകർ റോപ്പ് അക്കരെയിക്കരെ കെട്ടി അതിലൂടെയാണ് ഇവരെ മറുകര കടത്തിയത്. കുട്ടിയെ അച്ഛൻ മുരുകേശന്റെ മടിയിലിരുത്തിയാണു രക്ഷിച്ചത്.
എല്ലാവരെയും സുരക്ഷിതമായി ഇക്കരെ കടത്തിയതോടെ ജനങ്ങൾ കൈയടികളോടെ ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു.
ഫയർഫോഴ്സ്, പോലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയത്. നാട്ടുകാരും പങ്കാളികളായി.