ലോകജനതയെ ഏറ്റവും ദുരിതത്തിലാക്കുന്ന രോഗങ്ങളിലൊന്നാണ് പ്രമേഹം. പിടിപെട്ടാല് മരണംവരെ കൂടെക്കാണും എന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത.
കൂടാതെ മറ്റു രോഗങ്ങളെ ശരീരത്തിലേക്ക് ക്ഷണിക്കുകയും ചെയ്യും. എന്നാല് പ്രമേഹത്തിനെതിരായ ലോകത്തിന്റെ പോരാട്ടം മറ്റൊരു തലത്തിലെത്തിയെന്നുള്ള ഒരു വാര്ത്തയാണ് ഇപ്പോള് പുറത്തു വരുന്നത്.
രക്തത്തില് അധികമായി വരുന്ന പഞ്ചസാരയെ വലിച്ചെടുക്കാന് ശരീരത്തിലെ മാംസപേശികളെ പ്രാപ്തമാക്കുന്ന ഒരു പുതിയ മരുന്ന് തയ്യാറായിക്കൊണ്ടിരിക്കുന്നു എന്ന വിവരമാണ് ഇപ്പോള് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.
എടിആര് 258 എന്ന കോഡ് നാമം നല്കിയിരിക്കുന്ന ഇത് ലോകത്തിലെ തന്നെ, രക്തത്തില് നിന്നും പഞ്ചസാരയെ നേരിട്ട് മാംസപേശികളിലെത്തിക്കുന്ന ആദ്യത്തെ മരുന്നാണിത്.
സ്വീഡനില് വികസിപ്പിച്ച ഈ മരുന്ന് മൃഗങ്ങളില് പരീക്ഷിച്ചു വിജയം കണ്ടതിനു ശേഷം ഇപ്പോള് മനുഷ്യരില് പരീക്ഷിക്കാന് ആരംഭിച്ചിരിക്കുകയാണ്.
ഇന്ന് ലോകത്തിലുള്ള പ്രമേഹരോഗികളില് ഏറിയ പങ്കും ടൈപ്പ് 2 പ്രമേഹം ബാധിച്ചവരാണ്. മാംസപേശികളെ രക്തത്തിലെ അധിക പഞ്ചസാര ആഗിരണം ചെയ്യുന്നതിന് സഹായിക്കുന്ന ഇന്സുലിന് ഹോര്മോണുകള് ആവശ്യത്തിന് ഉദ്പാദിപ്പിക്കപ്പെടാത്തതിനാലോ അല്ലെങ്കില് മാംസപേശീ കോശങ്ങള് ഇന്സുലിനോട് വേണ്ട രീതിയില് പ്രതികരിക്കാത്തതിനാലോ ആകാം ഇതുണ്ടാകുന്നത്.
അങ്ങനെ പഞ്ചസാര രക്തത്തില് കെട്ടിക്കിടക്കുകയും അത് കാലക്രമേണകോശങ്ങള്ക്കും നാഢീവ്യൂഹത്തിനും കേടുപാടുകള് വരുത്തുകയും ചെയ്തേക്കാം.
അത് പിന്നീട് കണ്ണുകളുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങള്, ഹൃദയാഘാതം തുടങ്ങിയവയ്ക്കും കാരണമാകുന്നു. ടൈപ്പ് 1 പ്രമേഹം വളരെ ചെറുപ്പത്തിലെ കണ്ടെത്തുന്ന ഒന്നാണ്.
പ്രതിരോധ സംവിധാനങ്ങള് ആക്രമിക്കുകയും, ഇന്സുലിന് ഉദ്പാദിപ്പിക്കുന്ന പാന്ക്രിയാസ് ഗ്രന്ഥിക്ക് കേടുപാടുകള് സംഭവിക്കുകയും ചെയ്യുന്നതിനാല് ശരീരം ഇന്സുലിന് ഉത്പാദിപ്പിക്കാതിരിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്.
പത്തില് ഒമ്പത് പ്രമേഹ രോഗികള്ക്കും ഉള്ളത് ടൈപ്പ് 2 പ്രമേഹമാണ്. ഇത് ജീവിതത്തിന്റെ വൈകിയ വേളകളിലാണ് കണ്ടുപിടിക്കപ്പെടുക.
അമിതവണ്ണം, ശാരീരിക വ്യായാമം ഇല്ലാതിരിക്കുക, പാരമ്പര്യം ഉയര്ന്ന രക്തസമ്മര്ദ്ദം തുടങ്ങിയവയൊക്കെ ഇതിനു കാരണമാകാറുണ്ട്.
ടൈപ്പ് 2 പ്രമേഹമുള്ളപ്പോള് ശരീരം ആവശ്യത്തിനു ഇന്സുലിന് ഉദ്പാദിപ്പിക്കാതിരിക്കുകയോ അല്ലെങ്കില് ശരീരത്തില് ഉദ്പാദിപ്പിക്കപ്പെടുന്ന ഇന്സുലിന് വേണ്ടവിധം ഉപയോഗിക്കാതിരിക്കുകയോ ചെയ്യാം.
ജീവിതശൈലീമാറ്റം മുതല് മരുന്നുകള് വരെ ഇതിന് ചികിത്സയായി വിധിക്കപ്പെടാറുണ്ട്. അതില് അധികം മരുന്നുകളും ചെയ്യുന്നത് ഇന്സുലിന് സിസ്റ്റത്തെ ഉത്തേജിപ്പിക്കുക എന്നതാണ്.
എന്നാല് സ്വീഡനിലെ അട്രോഗി എന്ന കമ്പനി ഉദ്പാദിപ്പിക്കുന്ന എ ടി ആര് – 258 ഇന്സുലിന് സിസ്റ്റത്തെ ബൈപ്പാസ് ചെയ്യുകയാണ് ചെയ്യുന്നത്.
അത് മാംസപേശികളിലെ സ്വീകരിണികളില് നേരിട്ട് പ്രവര്ത്തിച്ച് രക്തത്തില് നിന്നും നേരിട്ട് ഗ്ലൂക്കോസ് എടുക്കുവാന് പേശീകോശങ്ങളെ ഉത്തേജിപ്പിക്കും.
അങ്ങനെ പാന്ക്രിയാസിന്റെയോ ഇന്സുലിന്റെയോ സഹായമില്ലാതെ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും.
എലികളില് നടത്തിയ പരീക്ഷണത്തില് എടിആര്- 258 രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറച്ച് ആരോഗ്യകരമായ നിലയിലേക്ക് കൊണ്ടുവന്നിരുന്നു.
ഇപ്പോള് ജര്മനിയിലെ മാന്ഹെയിമിലെ ക്ലിനിക്കല് റിസര്ച്ച് സര്വ്വീസസില് 80 പേര്ക്ക് പരീക്ഷണാടിസ്ഥാനത്തില് ഈ മരുന്ന് നല്കിയിരിക്കുകയാണ്.
നിലവിലെ ചികിത്സാ രീതികള് ഒക്കെ തന്നെ ശരിയായി പ്രവര്ത്തിക്കാത്ത ഇന്സുലിന് സിസ്റ്റത്തിന്റെ കേടുപാടുകള് തീര്ക്കാന് ഉന്നം വച്ചുള്ളതാണ്.
അത് ഒരിക്കലും പൂര്ണ്ണമായും ഫലവത്താകില്ല എന്ന് ഡയബെറ്റിസ് കണ്സള്ട്ടന്റായ ഡോ. അലി ആള്ഡിബിയറ്റ് പറയുന്നു.
അതേ സമയം എടിആര് 258, ഇന്സുലിന് സിസ്റ്റത്തിന്റെ ധര്മ്മം സ്വയം ഏറ്റെടുക്കുകയാണ്. അതുകൊണ്ടു തന്നെ കേടുപാടായ ഇന്സുലിന് സിസ്റ്റത്തെ റിപ്പയര് ചെയ്ത് സമയം പാഴാക്കുന്നില്ല എന്നു മാത്രമല്ല, അത് പെട്ടെന്ന് ഫലം തരികയും ചെയ്യുമെന്ന് വിദഗ്ധര് പറയുന്നു.
ജര്മ്മനിയിലെ ഒന്നാം വട്ട പരീക്ഷണം വിജയിച്ചതിനു ശേഷം മറ്റൊരു വട്ടം പരീക്ഷണം നടത്തി വിജയിച്ചാല് മാത്രമെ ഇത് വിപണിയിലിറങ്ങൂ. എന്നാല് പരീക്ഷണം വിജയിക്കുമെന്ന കാര്യത്തില് തികഞ്ഞ ആത്മവിശ്വാസത്തിലാണ് നിര്മാതാക്കള് നിലകൊള്ളുന്നത്.