മുംബൈ: മുംബൈ പോലീസിലെ ആന്റി ടെററിസം സ്ക്വാഡ്(എടിഎസ്) സ്ഥാപകന്‍ റിട്ട. ഐപിഎസ് ഉദ്യോഗസ്ഥന് അഫ്താബ് അഹ്മദ് ഖാന്(81) അന്തരിച്ചു. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അദ്ദേഹം എടിഎസ് രൂപകല്‍പ്പന ചെയ്തത്.
പതിറ്റാണ്ടുകൾ നീണ്ട തന്റെ കൃത്യനിർവഹണ കാലയളവിൽ മുംബൈയിലെ ഗുണ്ടാസംഘങ്ങൾക്കും ഭീകരർക്കുമെതിരായ നിരവധി ഓപ്പറേഷനുകളിൽ ഇദ്ദേഹം പങ്കാളിയായിട്ടുണ്ട്. 1963 ബാച്ചിലെ ഐപിഎസ് ഓഫീസറായ ഖാൻ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ആയി സേവനമനുഷ്ഠിക്കുമ്പോൾ1995ൽ മഹാരാഷ്ട്ര പോലീസിൽ നിന്ന് രാജിവച്ചിരുന്നു.
ലോസ് ഏഞ്ചൽസ് പോലീസ് ഡിപ്പാർട്ട്മെന്റിന്റെ Special Weapons and Tactics (SWAT)ൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് 1990-ലാണ് മുംബൈ പോലീസിൽ തീവ്രവാദ വിരുദ്ധ ഏജൻസി(എടിഎസ്)സ്ഥാപിതമായത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇദ്ദേഹത്തിന് കോവിഡ് ബാധിച്ച് അന്ധേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രോഗബാധ ഭേദമായതിനെ തുടർന്ന് വീട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. എന്നാൽ ആരോഗ്യസ്ഥിതി മോശമായിരുന്നു.
അവശനിലയിലായതിനെ തുടർന്ന് ഇന്ന് ഉച്ചതിരിഞ്ഞ് അദ്ദേഹത്തെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചു.