തിരൂര്‍: മലപ്പുറം ജില്ലയിലെ തിരൂര്‍ ബിപി അങ്ങാടി ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഉച്ചഭക്ഷണത്തില്‍ തേരട്ട വീണ സംഭവത്തില്‍ വിദ്യാര്‍ഥികള്‍ റോഡിലിറങ്ങി പ്രതിഷേധിച്ചു.
ഇന്നലെ സ്കൂളിലെ വിദ്യാര്‍ഥിനികള്‍ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണു ഭക്ഷണത്തില്‍ മുകളില്‍നിന്നു അട്ട വീണത്. അധ്യാപകരെ വിവരമറിയിച്ചിട്ടും നിഷേധാത്മക നിലപാട് സ്വീകരിച്ചുവെന്നാരോപിച്ചാണു വിദ്യാര്‍ഥിനികള്‍ സംഘടിച്ച് ഗേറ്റിനു പുറത്തിറങ്ങി പ്രതിഷേധിച്ചത്.
പ്രതിഷേധവുമായി ഗേറ്റിനു പുറത്തിറങ്ങി മുദ്രവാക്യം മുഴക്കിയ കുട്ടികള്‍ പിന്നീട് ബിപി അങ്ങാടി റോഡിലിറങ്ങി പ്രതിഷേധിച്ചു. വിവരമറിഞ്ഞ് തിരൂര്‍ പോലീസെത്തി വിദ്യാര്‍ഥികളുമായും പ്രിന്സിലുമായും ചര്‍ച്ച നടത്തി. സംഭവത്തില്‍ അടിയന്തരമായി പരിഹാരം കാണണമെന്നു രക്ഷാകര്‍ത്താക്കളും ആവശ്യപ്പെട്ടു.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മുഴുവനായും ഓടിട്ട ക്ലാസ് മുറികളാണുള്ളത്. ഏഴ് ബാച്ചുകളിലായി 14 ക്ലാസ്മുറികളും ഓട് മേഞ്ഞതാണ്. മഴക്കാലമാകുമ്പോള്‍ തേരട്ട വീഴുന്നതു പതിവാണെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.
രണ്ടാഴ്ചയ്ക്കകം ഓടിനു താഴെ സീലിംഗ് ചെയ്യാന്‍ പിടിഎ യോഗത്തില്‍ കഴിഞ്ഞദിവസം തീരുമാനമെടുത്തിരുന്നതായി പ്രിന്‍സിപ്പല്‍ വി.സി. അബ്ദുറഹൂഫ് പറഞ്ഞു. 30 വിദ്യാര്‍ഥികള്‍ പഠിക്കേണ്ട ക്ലാസ്മുറികളില്‍ അറുപതിലധികം വിദ്യാര്‍ഥികളാണ് അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി ഇവിടെ പഠനം തള്ളി നീക്കുന്നത്.