മാവേലിക്കര: മരുമകനെ തലയ്ക്കടിച്ചു വീഴ്ത്തി മകളെ കടത്തിക്കൊണ്ടുപോയ പിതാവിനും സഹോദരനും എതിരേ പോലീസ് കേസെടുത്തു.
ഇന്നലെ രാവിലെ 9.45ന് പുന്നംമൂട് ഓവർ ബ്രിഡ്ജിനു സമീപമാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ പരിക്കേറ്റ പോനകം കാവുളളതിൽ തെക്കേതിൽ സന്തോഷിനെ (30) ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ 13ന് സന്തോഷും പോനകം കോട്ടയ്ക്കാത്തേത്ത് ബാബുവിന്റെ മകൾ സ്നേഹയും ക്ഷേത്രത്തിൽ വച്ചുവിവാഹിതരായിരുന്നു. സ്നേഹയുടെ വീട്ടുകാരുടെ അനുവാദമില്ലാതെയാണ് വിവാഹം നടന്നത്.
ഇന്നലെ രാവിലെ ക്ഷേത്രദർശനം നടത്തി ബൈക്കിൽ വീട്ടിലേക്കു മടങ്ങുകയായിരുന്ന ഇവരെ ബാബുവും മകൻ ജിനുവും മറ്റ് രണ്ടുപേരും ചേർന്ന് തടഞ്ഞു നിർത്തി.
ഇവരെ ബൈക്കിൽ നിന്ന് ചവിട്ടിവീഴ്ത്തിയ ശേഷം സന്തോഷിനെ ചുടുകട്ടകൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. ഇവരുടെ പിന്നാലെയെത്തിയ ബന്ധുക്കളെയും ആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷം സ്നേഹയെ ബലമായി പിടിച്ചുകൊണ്ടുപോയി.
സന്തോഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് എടുത്ത മാവേലിക്കര പോലീസ് സ്നേഹയെ വൈകിട്ട് ബാബുവിന്റെ വീട്ടിൽ നിന്നു മോചിപ്പിച്ചു തിരികെക്കൊണ്ടുവന്നു.
തലയ്ക്കുസാരമായി പരിക്കേറ്റ സന്തോഷ് ചികിത്സയിലാണ്. സന്പത്തികമായി പിന്നാക്കം നിൽക്കുന്ന യുവാവിനെ മകൾ വിവാഹം കഴിച്ചതിലുള്ള പ്രതികാരമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.