കരുനാഗപ്പള്ളി : ദന്പതികൾക്ക് നേരെ മദ്യപാന സംഘസ്റ്റ ആക്രമണം നടത്തിയ കേസിൽ പട്ടാളക്കാരൻ ഉൾപ്പെടെയുള്ളവർക്കായി അന്വേഷണം ഉൗർജിതമാക്കി.സംഭവത്തിൽ പിടിയിലായ കല്ലേലിഭാഗം ഭാരതി മന്ദിരത്തിൽ ജയകുമാർ (31), കല്ലേലിഭാഗം കോളശ്ശേരിൽ ഷാജഹാൻ (42) എന്നിവരെ കോടതി റിമാന്റ് ചെയ്തു . ബൈക്ക് യാത്രികരായ ദന്പതികൾ കുട്ടിയോടൊപ്പം ബന്ധുവീട്ടിൽ പോയി തിരികെ വരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രി ആക്രമണമുണ്ടായത്.
കല്ലേലിഭാഗം കോട്ട വീട്ടിൽ ജംഗ്ഷനു സമീപമെത്തിയതോടെ കാറിലെത്തിയ നാലംഗ സംഘം ബൈക്ക് യാത്രികരായ ദന്പതികളെ ശല്യം ചെയ്യുകയായിരുന്നു. അസഭ്യം പറയുകയും കടന്നുപിടിക്കാൻ ശ്രമിക്കുകയും ചെയ്തു.തുടർന്ന് കരുനാഗപ്പള്ളി ആലുംമൂട് ജംഗ്ഷന് സമീപം വച്ച് ബൈക്ക് തടഞ്ഞ് നിർത്തിയ സംഘം യുവതിയുടെ ഭർത്താവിനോട് അസഭ്യം പറയുകയും തുടർന്ന് സംഘം ആക്രമിക്കുകയുമായിരുന്നു. വാക്കേറ്റത്തിനിടയിൽ സംഘം കാറിൽ നിന്നും ബിയർ കുപ്പി എടുത്ത് ഇവരെ അടിക്കുകയും ബിയർഇവരുടെ മേൽ ഒഴിക്കുകയും ചെയ്തു.തുടർന്ന് സംഘം കാറിൽ കടന്നു കളയുകയായിരുന്നു.
പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് കാറിന്റെ നന്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കായംകുളം ചേപ്പാട് സ്വദേശിയും പട്ടാളക്കാരനുമായ മഹേഷ് നായരുടേതാണ് കാറെന്ന് തിരിച്ചറിഞ്ഞു. .ആക്രമത്തിൽ പരുക്കേറ്റ യുവതി സർക്കാർ ഉദ്യോഗസ്ഥയാണ്.ഇവർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പട്ടാളക്കാരനായ മഹേഷിന് പഞ്ചാബിൽ ആണ് ജോലി . മഹേഷ്, സുഹൃത്ത് വിഷ്ണു എന്നിവർ ഒളിവിൽ ആണ്.