വൈപ്പിന്‍ : അറ്റകുറ്റപ്പണിക്കിടെ നെഞ്ചുവേദനയെത്തുടര്‍ന്ന് 11 കെവി വൈദ്യുതി ലൈനിലെ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചിട്ടുള്ള ഇലക്ട്രിക് പോസ്റ്റില്‍ കുടുങ്ങിപ്പോയ കെഎസ്ഇബി ജീവനക്കാരനെ സഹപ്രവര്‍ത്തകരും ഫയര്‍ ഫോഴ്സും ചേര്‍ന്ന് സുരക്ഷിതമായി താഴെയിറക്കി ആശുത്രിയില്‍ പ്രവേശിപ്പിച്ചു.
ഞാറക്കല്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ജീവനക്കാരനായ സനല്‍-35 ആണ് പോസ്റ്റിനു മുകളില്‍ കുടുങ്ങിപ്പോയത്. ഇന്ന് രാവിലെ പത്തോടെ ഞാറക്കല്‍ കെടിഎക്സിനു വടക്കുവശത്ത് അടുത്തടുത്തായി ഒന്നിച്ച് നില്ക്കുന്ന ഇലക്ട്രിക് പോസ്റ്റുകള്‍ക്ക് മുകളിലായിരുന്നു സംഭവം.
വേദന അനുഭവപ്പെട്ടതിനെ ത്തുടര്‍ന്ന് ഇയാളെ കൂടെയുണ്ടായിരുന്ന സഹപ്രവര്ത്തകന് ഇരുന്ന ഇരുപ്പില്‍ തന്നെ രണ്ട് പോസ്റ്റുകളുമായി ബന്ധിച്ചിരുന്ന ബീമില്‍ കമഴ്ത്തി കിടത്തി കയര്‍ കൊണ്ട് ബന്ധിച്ചു താഴെ വീഴാതെ നിര്‍ത്തി.
ഇതിനിടെ താഴെ നിന്നിരുന്ന ജീവനക്കാരും മുകളിലേക്ക് കയറി രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. സഹപ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടല്‍ മൂലം ആള് താഴെ വീഴാതെ രക്ഷിച്ച് ഇറക്കുന്നതിനിടെ മാലിപ്പുറത്തുനിന്നും ഫയര്‍ ഫോഴ്സും സഹായത്തിനെത്തി.
തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞാറക്കല്‍ പോലീസും സ്ഥലത്തെത്തിയിരുന്നു.