എടത്വ: യുവാവിനേയും സഹോദര ഭാര്യയേയും കുട്ടികളേയും സമീപവാസി വീടുകയറി മർദിച്ചെന്ന് പരാതി. തകഴി പഞ്ചായത്ത് ഒന്പതാം വാർഡിൽ കിഴക്കേ ചെക്കിടിക്കാട് കിഴക്കേപറന്പിൽ ബേബി ജോസഫ്, സഹോദരൻ ജോർജ് ജോസഫിന്റെ ഭാര്യ സൂസമ്മ, പ്ലസ് ടൂവിനും എട്ടാം ക്ലാസിലും പഠിക്കുന്ന ബേബിയുടെ മക്കൾ എന്നിവർക്കാണ് മർദനമേറ്റത്.
കഴിഞ്ഞദിവസം വൈകുന്നേരം ഏഴോടെയായിരുന്നു സംഭവം. ബേബിയുടെ സഹോദരൻ മീൻ പിടിക്കാനായി പാടത്തിട്ട വലയിൽ കുടുങ്ങിയ നീർക്കാക്കയെ എടുത്തുകൊണ്ട് പോയിരുന്നു. ഇതേ പാടത്ത് സമീപവാസിയുടെ താറാവും ഉണ്ടായിരുന്നു.
താറാവിനെ കൊണ്ടുപോയി എന്ന തർക്കത്തിൽ വീടുകയറി ആക്രമിക്കുകയും ബേബിയുടെ തല തല്ലിപൊട്ടിക്കുകയും സൂസമ്മയുടെ വലത് കൈ തല്ലി ഒടിക്കുകയും ചെയ്തെന്നാണ് മർദനത്തിൽ പരിക്കേറ്റ ബേബി ജില്ല പോലീസ് സൂപ്രണ്ടിനു നല്കിയ പരാതിയിൽ പറയുന്നത്. ബേബിയും സൂസമ്മയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. എടത്വ പോലീസ് കേസ് എടുത്ത് അന്വഷണം ആരംഭിച്ചു.