പ്രശ്‌നങ്ങള്‍ക്ക് കാരണം അപര്‍ണ കുറുപ്പ് അജു വര്‍ഗീസ് എന്നിവരുടെ ദേഹത്തേക്ക് അവര്‍ ലാത്തി വീശിയത്, കാരവാനില്‍ ഇരുന്നവരെ പോലും വെറുതെ വിട്ടില്ല, വെളിപ്പെടുത്തലുമായി ആസിഫ് അലി സിനിമയുടെ സംവിധായകന്‍

ബെംഗളൂരുവില്‍ ബിടെക് എന്ന സിനിമയുടെ സെറ്റില്‍ ഉണ്ടായ അതിക്രമങ്ങള്‍ വലിയ വാര്‍ത്തയായിരുന്നു. അഭിനേതാക്കളായ ആസിഫ് അലി, അപര്‍ണ ബാലമുരളി, അജു വര്‍ഗീസ് എന്നിവര്‍ക്ക് ഷൂട്ടിംഗിനിടെ തല്ലു കിട്ടിയെന്ന കാര്യം പുറംലോകം അറിഞ്ഞിരുന്നെങ്കിലും ഇതിനു കാരണമെന്താണെന്ന് പുറത്തു വന്നിരുന്നില്ല. ജൂണിയര്‍ ആര്‍ട്ടിസ്റ്റുമാരുടെ പ്രകോപനത്തിലേക്ക് നയിച്ച കാരണങ്ങളെപ്പറ്റി സംവിധായകന്‍ മൃദുല്‍ നായര്‍ ഇപ്പോള്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്.

മൃദുല്‍ പറയുന്നതിങ്ങനെ- ആ രംഗത്തിലേക്ക് രണ്ടു ജൂണിയര്‍ ആര്‍ട്ടിസ്റ്റുകളെ ആണ് ലാത്തിയുമായി പോലീസുദ്യോഗസ്ഥരുടെ റോളില്‍ തീരുമാനിച്ചത്. എന്നാല്‍ ഷോട്ട് എടുത്തപ്പോള്‍ ഇത് ആറു പേരായി. ഈ ആറു പേരും ചേര്‍ന്ന് സൈജു കുറുപ്പ്, അപര്‍ണ ബാലമുരളി, അജു വര്‍ഗീസ് എന്നീ താരങ്ങളുടെ ദേഹത്തേക്ക് ലാത്തി വീശി. സ്ഥിതി വഷളായപ്പോള്‍ കട്ട് പറഞ്ഞു. പക്ഷെ അവര്‍ നിര്‍ത്താന്‍ തയ്യാറായില്ല. അവസാനം ക്ഷുഭിതനാകേണ്ടി വന്നു. ദേഷ്യപ്പെട്ട് കട്ട് പറഞ്ഞപ്പോള്‍ അവിടെ ഉണ്ടായിരുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ മുഴുവന്‍ തന്റെ നേരെ തിരിഞ്ഞു. ചിത്രീകരണം നിര്‍ത്തിവെക്കേണ്ട അവസ്ഥയുണ്ടായി.

തെറ്റ് അവരുടെ ഭാഗത്തായിട്ടും താന്‍ സിനിമക്ക് വേണ്ടി മാപ്പ് പറഞ്ഞു. 400 ഓളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ മുന്നില്‍ വച്ചാണ് മാപ്പ് പറഞ്ഞത്. പക്ഷെ അവര്‍ പിന്നീടും ആക്രമണം തുടരുകയായിരുന്നു. മാപ്പു പറഞ്ഞു കാരവനിലേക്കു പോയ താന്‍ കണ്ടത് കാരവാനിലേക്കും ടെമ്പോ ട്രാവലറിലേക്കും കല്ലെറിയുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ ആണ്. ഈ രണ്ടു വണ്ടികളും അവര്‍ തകര്‍ത്തു. കുറച്ചു നേരം സിനിമയുടെ ചിത്രീകരണം നിര്‍ത്തി വെക്കേണ്ട അവസ്ഥ ഉണ്ടായി എന്നും മൃദുല്‍ പറഞ്ഞു.

Related posts