അഫ്ഗാനിസ്ഥാനിലെ ഹോട്ടലില്‍ സായുധസംഘം നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് ചൈനീസ് സന്ദര്‍ശകരെ ബന്ദിയാക്കിയതായി റിപ്പോര്‍ട്ട്.
കാബൂളിലെ ഷഹര്‍ ഇ നൗ നഗരത്തിലെ കാബൂള്‍ ലോങ്ഗന്‍ ഹോട്ടലിലാണ് സംഭവം. ഹോട്ടലിനടുത്ത് രണ്ട് തവണ ശക്തമായ സ്ഫോടനമുണ്ടാവുകയും വെടിയൊച്ച കേള്‍ക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
അഫ്ഗാനിസ്ഥാനിലെത്തുന്ന ചൈനീസ് വ്യവസായികള്‍ സ്ഥിരമായി താമസിക്കാറുള്ള സ്ഥലമാണ് കാബൂള്‍ ലോങ്ഗന്‍ ഹോട്ടല്‍.
ഇവിടേക്ക് സായുധരായ സംഘം കടന്നുകയറിയിട്ടുണ്ടെന്ന് പാകിസ്താനില്‍ നിന്നുള്ള താലിബാന് വൃത്തങ്ങളെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ടില്‍ പറയുന്നു.
താലിബാന് പ്രത്യേക ദൗത്യ സംഘം സ്ഥലത്തെത്തിയതായും സ്ഥിരീകരണമുണ്ട്. അതേസമയം ഹോട്ടലില്‍ എത്രപേര്‍ ബന്ദികളായുണ്ടെന്നും അക്കൂട്ടത്തില്‍ വിദേശികള്‍ ഉണ്ടോ എന്നുമുള്ള കാര്യം വ്യക്തമല്ല.
ആര്‍ക്കെങ്കിലും അപായം സംഭവിച്ചോ എന്ന കാര്യത്തിലും വ്യക്തതയില്ല. രാജ്യത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നാണ് താലിബാന് അവകാശപ്പെടുന്നത്.
താലിബാന് അധികാരത്തില്‍ വന്നതിനുശേഷം ഇത്തരം ആക്രമണങ്ങളോ സ്ഫോടനങ്ങളോ അഫ്ഗാനിസ്ഥാനില്‍ നടന്നിട്ടില്ല.
അഫ്ഗാനിസ്ഥാനുമായി 76 കിമീ അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് ചൈന. താലിബാന് ഭരണകൂടത്തെ ചൈന ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. എങ്കിലും ചൈന ഇപ്പോഴും അഫ്ഗാനുമായി നയതന്ത്ര ബന്ധം തുടരുന്നുണ്ട്.
അഫ്ഗാനിസ്ഥാന്റെ അതിര്‍ത്തി പ്രദേശങ്ങള്‍ ചൈനയിലെ ന്യൂനപക്ഷമായ ഉയിഗുര്‍ വിഘടനവാദികളുടെ കേന്ദ്രങ്ങളായി മാറുമോ എന്ന് ചൈനയുടെ പ്രധാന ആശങ്കകളിലൊന്നാണ്.
എങ്കിലും അതിന് അനുവദിക്കില്ലെന്ന് താലിബാന് ഉറപ്പുനല്‍കിയിട്ടുണ്ട്. അതിന് പകരമായി സാമ്പത്തിക പിന്തുണയും അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മാണത്തിനുള്ള നിക്ഷേപങ്ങളുമാണ് ചൈന വാഗ്ദാനം ചെയ്യുന്നത്.