തലശേരി: വാഹനാപകടത്തിൽ പരിക്കേറ്റ് തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ യുവാവ് വനിതാ ഡോക്ടറെ ആക്രമിച്ചു. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് സംഭവം.
ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ഡോ. അമൃതാ രാജിന് നേരെയാണ് അക്രമം ഉണ്ടായത്. പിണറായി പാറപ്രം സ്വദേശി മഹേഷ് എന്നയാളാണ് അക്രമം നടത്തിയത്.
വാഹനാപകടത്തിൽ വാരിയെല്ല് പൊട്ടിയ നിലയിൽ ഇയാളെ ഭാര്യയും സുഹൃത്തുമാണ് ആശുപത്രിയിൽ എത്തിച്ചത്. കാഷ്വാലിറ്റിയിൽ വച്ച് പരിക്കേറ്റ ഭാഗം പരിശോധിക്കുന്നതിനിടെ മഹേഷ് ഡോക്ടറുടെ നെഞ്ചിൽ ഇടിക്കുകയും കൈവീശി അടിക്കുകയും ചെയതെന്നാണ് പരാതി.
മദ്യപിച്ചിരുന്ന ഇയാൾ അസഭ്യം പറഞ്ഞതായും ഡോക്ടർ പോലീസിന് നല്കിയ പരാതിയിൽ പറയുന്നു.മഹേഷിനെ തുടർ ചികിത്സയ്ക്കാക്കായി മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള അക്രമം ഉൾപ്പെടെ പ്രത്യേക വകുപ്പ് ചുമത്തിയാണ് പോലീസ് കേസെടുത്തത്.ചികിത്സയ്ക്കിടെ ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഡോക്ടർമാരുടെ സംഘടനകൾ ആവശ്യപ്പെട്ടു.
സംഭവത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാർ തലശേരി ജനറൽ ആശുപത്രിയിൽ പണിമുടക്കുകയാണ്.