പേരൂര്‍ക്കട: കൊടുങ്ങാനൂര്‍ കുന്നംപാറയില്‍ കൊലക്കേസ്പ്രതി ഉള്‍പ്പെട്ട മദ്യപാനിസംഘം വീടുകയറി ആക്രമിച്ചു. ആക്രമണത്തില്‍ അമ്മയ്ക്കും മകനും പരിക്കേറ്റു. കൊടുങ്ങാനൂര്‍ കുന്നംപാറ ദേവീക്ഷേത്രത്തിനു സമീപം വടക്കേവിളാകത്ത് വീട്ടില്‍ അരുണ്‍ എന്നു വിളിക്കുന്ന മനു (26), അമ്മ വിലാസിനി (52) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 10 ഓടെയായിരുന്നു ആക്രമണമുണ്ടായത്.
കുന്നംപാറ കോളനി സ്വദേശികളായ രാഹുല്‍, അഖില്‍, കണ്ണന്, ആനന്ദ്, ദിലീപ് എന്നിവരാണ് ആക്രമണം നടത്തിയതെന്ന് മനു വട്ടിയൂര്‍ക്കാവ് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞവര്‍ഷം ക്രിസ്മസ് നാളിലുണ്ടായ പ്രശ്നങ്ങളാണ് വീട് ആക്രമണത്തില്‍ കലാശിച്ചത്.
പ്രതികള്‍ കഞ്ചാവ് ഉപയോഗിക്കുന്നതും വീടിനു സമീപത്തിരുന്ന് മദ്യപിക്കുന്നതും മനുവും കൂട്ടുകാരും ചോദ്യം ചെയ്തിരുന്നു. പോലീസില്‍ വിവരം നല്കിയെന്നു പറഞ്ഞ് സംഭവത്തിനുശേഷം പലപ്പോഴും ഇവര്‍ പ്രശ്നങ്ങളുണ്ടാക്കിരുന്നുവെന്നാണ് സൂചന. ഇന്നലെ സംഘം ചേര്‍ന്നെത്തിയ ഇവര്‍ മനുവിനെയും അമ്മയെയും ആക്രമിക്കുകയായിരുന്നു. ഇരുവര്‍ക്കും കൈലാലുകള്ക്കും മുഖത്തിനും പരിക്കുണ്ട്.
വീടുകയറി ആക്രമിച്ച സംഘം വീട് അടിച്ചു തകര്‍ക്കുകയും ചെയ്തു. സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതികളെ പിടികൂടാന്‍ സാധിച്ചില്ല. പ്രതികളിലൊരാളായ ദിലീപ് മുമ്പ് ഒരു കൊലക്കേസുമായി ബന്ധപ്പെട്ട് ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണെന്നു വട്ടിയൂര്‍ക്കാവ് പോലീസ് പറഞ്ഞു.
മനുവും അമ്മയും തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വീടുകയറി ആക്രമണം അറിഞ്ഞ് സ്ഥലത്തെത്തിയ മനുവിന്റെ കൂട്ടുകാരെയും സംഘം ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. രാഹുല്‍, ശ്രീജിത്ത് എന്നിവരാണ് പരിക്കേറ്റ് ആറ്റുകാലിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലുള്ളത്. സംഭവം നടക്കുന്നതിനിടെ വീടിനു സമീപത്തുകൂടി പോയ മറ്റു മൂന്നു പേര്‍ക്കുകൂടി ആക്രമണത്തില്‍ പരിക്കുണ്ട്.
ഇവരും ഇതേ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ആക്രമണത്തില്‍ പരിക്കേറ്റവര്‍ ബി.ജെ.പി പ്രവര്‍ത്തകരാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ കുന്നംപാറയില്‍ പ്രതിഷേധപ്രകടനം നടത്തി. പ്രതികളെ എത്രയും വേഗം പിടികൂടണമെന്ന് അവര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ വട്ടിയൂര്‍ക്കാവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.