ചെറായി: പള്ളിപ്പുറത്ത് മനോദൗർബല്യമുള്ള വീട്ടമ്മയേയും തടയാൻ ചെന്ന പതിനേഴുകാരിയായ മകളെയും അയൽവാസികളായ ഒരു പറ്റം സ്ത്രീകൾ ചേർന്ന് ക്രൂരവും പ്രാകൃതവുമായി മർദിച്ച് അവശയാക്കിയ സംഭവത്തിൽ മുനന്പംപോലീസ് ഇന്നലെ അറസ്റ്റ്ചെയ്ത മൂന്ന് വീട്ടമ്മമാരെ ഇന്നലെ രാത്രി ഞാറക്കൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്ത് ജയിലിലടച്ചു.
പോലീസ് ആദ്യം ലഘുവായ വകുപ്പുകൾ ചേർത്ത് കൈകാര്യം ചെയ്ത കേസ് ആലുവാ റൂറൽ എസ്പി എ.വി. ജോർജ് നേരിട്ടെത്തി അന്വേഷിച്ച് വധശ്രമവും കൂടി ചേർത്തതോടെയാണ് പ്രതികൾ റിമാൻഡിലായത്. രാത്രി തന്നെ മൂവരെയും കാക്ക നാട് ജയിലിലേക്ക് മാറ്റി. രണ്ട് ദിവമായി അരങ്ങേറിയ മർദനം വിവാദമായതോടെ വീട്ടമ്മയുടെ ഭർത്താവ് നൽകിയ പരാതിയിൽ പള്ളിപ്പുറം വീട്ടിൽ ലിജി അഗസ്റ്റിൻ (42), അച്ചാരുപറന്പിൽ മോളി സെബാസ്റ്റ്യൻ (44), പാറക്കാട്ടിൽ ഡീന ബിജു (37) എന്നിവരെ ആലുവാ റൂറൽ എസ്പിയുടെ നിർദേശാനുസരണം മുനന്പം എസ്ഐ ടി.വി. ഷിബുവാണ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാത്രിയിലും തിങ്കളാഴ്ച രാവിലെയുമായിരുന്നു മർദനം. വടികൾ കൊണ്ട് അടിക്കുകയും കാലിൽ തീയിൽ ചുട്ടെടുത്ത ചട്ടുകം വെച്ച് പൊള്ളിച്ചുമാണ് വീട്ടമ്മയെ ക്രൂരമായി മർദിച്ചത്. സംഭവം വിവാദമായതോടെ കോണ്ഗ്രസ് പള്ളിപ്പുറം ബ്ലോക്ക് പ്രസിഡന്റ് വി.എസ്. സോളിരാജ്, മണ്ഡലം പ്രസിഡന്റ് സഹദേവൻ എന്നിവരുടെ സാന്നിധ്യത്തിൽ വീട്ടമ്മയുടെ ഭർത്താവ് ആന്റണി മുനന്പം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തത്.
അതേസമയം കേസിൽ ഇനിയും പ്രതികളുണ്ടെന്നാണ് വീട്ടമ്മയുടെ ബന്ധുക്കൾ പറയുന്നത്. തിങ്കളാഴ്ച ആക്രമണം നടത്തിയ മൂന്ന് സ്ത്രീകളെ മാത്രമാണ് പോലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തിട്ടുള്ളത്. തൊട്ടു മുന്പുള്ള ദിവസം മർദിച്ചതിൽ കൂടുതലും പുരുഷന്മാരാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല.