ഹിജാബ് നിയമങ്ങളുടെ പേരിൽ ഉണ്ടായ ഏറ്റുമുട്ടലിൽ പെൺകുട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ടെഹ്റാൻ സബ്വേയിൽ നടന്ന ആക്രമണത്തെത്തുടർന്ന് 16 വയസ്സുള്ള ഇറാനിയൻ പെൺകുട്ടി അർമിത ഗരാവന്ദയെയാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഞായറാഴ്ച ടെഹ്റാനിലെ ഷൊഹാദ മെട്രോ സ്റ്റേഷനിലാണ് സംഭവം. സദാചാര പോലീസ് എന്ന് വിളിക്കപ്പെടുന്ന ഏജന്റുമാരുടെ പിടിയിലായ പെൺകുട്ടിയ്ക്ക് ആക്രമണത്തിൽ സാരമായ് പരിക്കേറ്റു.
സ്ത്രീകളുടെ കർശനമായ വസ്ത്രധാരണ നിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് അറസ്റ്റിലായ മഹ്സ അമിനിയുടെ കസ്റ്റഡി മരണത്തിന് ഒരു വർഷത്തിനുശേഷവും ഇറാനിയൻ അധികാരികൾ അതീവ ജാഗ്രതയിലാണ്. അമിനിയുടെ മരണം വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. കൂടാതെ ആയിരക്കണക്കിന് പേർ അറസ്റ്റിലാകുകയും നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും ചെയ്തു.
ടെഹ്റാനിലെ ഫജ്ർ ഹോസ്പിറ്റലിൽ കർശന സുരക്ഷയിൽ പെൺകുട്ടി ചികിത്സയിലാണ്. അർമിതയെ സന്ദർശിക്കാൻ നിലവിൽ ആരെയും അനുവദിക്കില്ല.