തൊടുപുഴ: സ്കൂൾ പരിസരത്തെ സംഘർഷാവസ്ഥ അറിഞ്ഞെത്തിയ പോലീസിന്റെ പിടിയിലായതു വിദ്യാലയങ്ങൾക്കുസമീപം കഞ്ചാവ് വിൽക്കുന്ന സംഘം. നഗരത്തിനു സമീപത്തെ സ്കൂൾ പരിസരത്ത് ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം.
കുറുമണ്ണ് കടനാട് വല്യത്ത് ബിറ്റോ ബേബി (19), പള്ളിവാസൽ കുഞ്ചിത്തണ്ണി പുത്തൻവീട്ടിൽ അനന്തു (22) മടക്കത്താനം ശ്രീശൈലം അനന്തകൃഷ്ണൻ (19) , കൊന്നത്തടി മുനിയറ പുത്തൻപുരയിൽ അശ്വിൻ സന്തോഷ് (18) എന്നിവരെയാണ് എസ്ഐ എം.പി.സാഗറും സംഘവും അറസ്റ്റ് ചെയ്തത്. പിടിയിലായവർ പോളിടെക്നിക്, ഐടിഐ വിദ്യാർഥികളാണെന്ന് പോലീസ് പറഞ്ഞു.
ചൊവ്വാഴ്ച സ്കൂൾ പരിസരത്ത് വിദ്യാർഥികൾ തമ്മിൽ അടിപിടിയുണ്ടായിരുന്നു. ഇതിൽ ഉൾപ്പെട്ട ഒരു വിദ്യാർഥി പ്രതി ബിറ്റോയുടെ സഹോദരനാണ്. സഹോദരനെ തല്ലിയതിനു പകരം ചോദിക്കാനായി ഇന്നലെ രാവിലെ ഇയാളുടെ മാതാവിന്റെ ഉടമസ്ഥതയിലുള്ള കാറിൽ എത്തിയ സംഘം സ്കൂളിലേക്കു വന്ന ചില വിദ്യാർഥികളെ ഭീഷണിപ്പെടുത്തി.
ഇതു ചോദ്യം ചെയ്ത നാട്ടുകാരെയും ഭീഷണിപ്പെടുത്തിയതോടെ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. ഉടൻതന്നെ സ്കൂൾ സമയത്ത് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുത്തു.തുടർന്ന് ഇവർ വന്ന കാറിൽ പോലീസ് പരിശോധന നടത്തി. വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റിനടിയിലെ കാർപ്പറ്റിനടിയിൽ പൊതിയായി സൂക്ഷിച്ചിരുന്ന 11.31 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
കൂടാതെ ഗർഭ നിരോധന ഉറകളും ആയുർവേദ ഗുളികകളും കണ്ടെടുത്തു. തുടർന്ന് വാഹനവും പ്രതികളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ കഞ്ചാവ് വിദ്യാർഥികൾക്ക് വിതരണം ചെയ്യാനായി കൊണ്ടു വന്നതാണെന്ന് പ്രതികൾ സമ്മതിച്ചു. മുതലക്കോടം കേന്ദ്രീകരിച്ചുള്ള കഞ്ചാവ് വിൽപ്പനക്കാരനാണ് ഇതു നൽകുന്നതെന്നും ഇവർ പോലീസിനോട് പറഞ്ഞു.
ഇതിനു മുൻപും വിദ്യാലയ പരിസത്ത് കഞ്ചാവ് വിൽപ്പന നടത്തി വന്നിരുന്ന ഇവർ പോലീസ് നിരീക്ഷണത്തിലായിരുന്നു. പ്രതികൾക്കെതിരെ കഞ്ചാവ് കൈവശം വച്ചതിനു മയക്കുമരുന്ന് നിരോധന നിയമ പ്രകാരവും വിദ്യാലയ പരിസരത്ത് വിൽപ്പന നടത്തിയതിന് ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരവും പോലീസ് കേസെടുത്തു.
വൈദ്യ പരിശോധനയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികൾക്ക് ജാമ്യം അനുവദിച്ചു.പ്രതികളോട് ഇന്നു രാവിലെ പത്തിന് സ്റ്റേഷനിൽ ഹാജരാകണമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്.