അടിമാലി: മോട്ടോർ വാഹന വകുപ്പ് നാലുവർഷം മുൻപ് ഉപേക്ഷിച്ച ഹാജർ പുസ്തകം ഓഫീസുകളിൽ തിരിച്ച് വരുന്നു. ട്രാൻസ്പോർട്ട് കമ്മിഷണറുടെ പുതിയ ഉത്തരവ് പ്രകാരമാണ് നടപടി. 2013 ലെ സർക്കാരിന്റെ സർക്കുലർ പ്രകാരമാണ് ഹാജർ ബുക്ക് ഒഴുവാക്കി ബയോ മെട്രിക് സിസ്റ്റം നിലവിൽ വന്നത്. ഈ രീതി ജീവനക്കാർ ദുർവിനിയോഗം ചെയ്യുന്നതായും ഹാജർ ബുക്ക് ഓഫീസുകളിൽ പൂർണമായും ദുർബലമായി കൈകാര്യം ചെയ്യുന്നതായും വിജിലൻസ് വിഭാഗം കണ്ടെത്തി.
ഇതിന്റെ അടിസ്ഥാനത്തിലാണ് പഴയ ഉത്തരവ് ഭേദഗതി ചെയ്ത് പുതിയ സർക്കുലർ. 2017 ഫെബ്രുവരി 11 ന് ട്രാൻസ്പോർട്ട് കമ്മീഷണർ പുറപ്പെടുവിച്ച സർക്കുലർ ഉദ്യോഗസ്ഥർ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഓഫീസർ ബോധ്യപ്പെടണമെന്നും കുറ്റക്കാർക്കെതിരെ നപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഇന്നുമുതൽ ജീവനക്കാർ ബയോമെട്രിക്കിലും ഹാജർ ബുക്കിലും ഹാജർ രേഖപ്പെടുത്തണം.
ഹാജർ ബുക്കിൽ ഓരോ മാസത്തിന്റേയും തുടക്കത്തിൽ കഴിഞ്ഞ മാസം അനുവദിച്ച കാഷ്വൽ ലീവ് രേഖപ്പെടുത്തണം. കൂടാതെ കാഷ്വൽ ലീവ് രജിസ്റ്റർ, ലേറ്റ് അറ്റൻന്റൻസ് രജിസ്റ്റർ, മൂവ്മെന്റ് രജിസ്റ്റർ എന്നിവയും കൃത്യമായി ഓഫീസുകളിൽ സൂക്ഷിക്കണം. 2013 മുതൽ പല ഓഫീസുകളിലും ഇത്തരം രേഖകൾ കൃത്യമായി സൂക്ഷിക്കുന്നില്ല.
അടുത്തിടെ കോഴിക്കോട് ഓഫീസിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ഇത്തരം രേഖകൾ ദുർബലമായി ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷണർ അടിയന്തിരമായി ഈ ഉത്തരവ് നടപ്പാക്കാൻ കാരണം. ഇടുക്കിയിലെ ഓഫീസുകളിൽ രണ്ടുരീതിയും പിൻതുടരുന്നുണ്ടെന്നും വർഷങ്ങളായി ഇടുക്കി ഓഫീസിലെ ബയോമെട്രിക്ക് സിസ്റ്റം പ്രവർത്തിക്കുന്നില്ലെന്നും ഇടുക്കി ആർടിഒ റോയി മാത്യു പറഞ്ഞു.