അഗളി: അട്ടപ്പാടി ചുരം റോഡിന്റെ തകർന്ന ഭാഗം പുതുക്കിപ്പണിയാൻ രണ്ടരക്കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും പത്തുദിവസത്തിനകം പണികൾ ആരംഭിക്കുമെന്നും സബ് കളക്ടർ ജെറാമിക് ജോർജ്, തഹസിൽദാർ രാധാകൃഷ്ണൻ നായർ എന്നിവർ അറിയിച്ചു.
അപകടനില പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അട്ടപ്പാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി മുക്കാലിയിൽ നടത്തിയ വഴിതടയൽ സമരത്തോടനുബന്ധിച്ചു നടത്തിയ അനുരഞ്ജന ചർച്ചയിലാണ് ഇക്കാര്യം ഉറപ്പുനല്‍കിയത്. റോഡ് നവീകരണത്തിനു ഈയാഴ്ച്ച തന്നെ ടെണ്ടർ വിളിക്കും.
ആളില്ലാത്ത പക്ഷം പിഡബ്ല്യുഡി നേരിട്ടു പണികൾ ഏറ്റെടുക്കും. ആവശ്യമായ ഭാഗങ്ങളിൽ മരങ്ങൾ മുറിച്ചുനീക്കി വീതിക്കൂട്ടി കോണ്‍ക്രീറ്റു ചെയ്യും. മുക്കാലി മുതൽ ആനക്കട്ടി വരെയുള്ള ഭാഗങ്ങളിലെ റോഡിൻറെ നവീകരണത്തിനും തീരുമാനമായി.
മഴക്കെടുതിയിൽ നാശനഷ്ടമുണ്ടായവർക്കു ഉടൻ ധനസഹായം നല്‍കുമെന്നും ഉറപ്പുനല്‍കി. ഇന്നലെ രാവിലെ പത്തിന് മുക്കാലിയിൽ നടന്ന ഉപരോധ സമരം കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡൻറ് കെ. രാജൻ ഉദ്ഘാടനം ചെയ്തു.