അഗളി : ആതുരസേവന രംഗത്ത് പട്ടിക വർഗ വിഭാഗത്തിൽ നിന്നും മൂന്ന് ഡോക്ടർമാരെ ഇക്കൊല്ലം അട്ടപ്പാടിക്കു ലഭിച്ചു.ഒരു വെറ്റിനറി ഡോക്ടറും രണ്ട് എംബിബിഎസുകാരുമാണ് ഗോത്ര വിഭാഗത്തിൽ നിന്നും അട്ടപ്പാടിയിലേക്ക് ഡോക്ടർമാരായെത്തുന്നത്.
പുതൂർ പഞ്ചായത്തിലെ ധാന്യം ഉൗരിലെ ഇരുള വിഭാഗത്തിൽപ്പെട്ട അയ്യപ്പൻ ജാനകി ദന്പതികളുടെ മകൾ ഡി.എ. അനുജയാണ് വെറ്റിനറി ഡോക്ടർ. പിതാവ് അയ്യപ്പൻ ഒറ്റപ്പാലം താലൂക്ക് ഓഫീസിൽ യുഡി ക്ലാർക്കായും മാതാവ് ജാനകി ത്രിശൂർ തലപ്പിള്ളി താലൂക് ഓഫീസിൽ സ്പെഷ്യൽ വില്ലേജ് ഓഫീസറായും ജോലി ചെയ്തു വരികയാണ്.
തൃശൂർ മണ്ണുത്തി വെറ്റിനറി കോളജിൽ നിന്നുമാണ് അനുജ ഡോക്ടറേറ്റ് നേടിയത്. അട്ടപ്പാടിയിൽ നിന്നും വെറ്റിനറി ഡോക്ടറാകുന്ന രണ്ടാമത്തെ പട്ടിക വർഗക്കാരിയാണ് അനുജ.ഷോളയൂർ പഞ്ചായത്തിൽ നല്ലശീങ്ക ഉൗരിലെ രംങ്കസ്വാമി-രങ്കമ്മ ദന്പതികളുടെ മകൾ ഡോ.സിന്ധുവാണ് ആദ്യത്തെ വെറ്റിനറി ഡോക്ടർ.
അട്ടപ്പാടിയിൽ തന്നെ സേവനമനുഷ്ഠിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഡോ. അനുജ പറഞ്ഞു. കന്പ്യൂട്ടർ സയൻസ് പാസായി ജോലിക്കു ശ്രമിക്കുന്ന അരുണ് അയ്യപ്പൻ സഹോദരനാണ്.പുതൂർ പഞ്ചായത്തിൽ പുതൂർ ഉൗരിലെ രാഹുൽ രാജ്, അഗളി വെള്ളമാരി ഉൗരിലെ ആർ. കാർത്തിക എന്നിവരാണ് എംബിബിഎസ് നേടിയത്.
രാഹുൽരാജ് ആലപ്പുഴ ടിഡി ഗവണ്മെന്റ് മെഡിക്കൽ കോളജിലും കാർത്തിക തൃശൂർ മെഡിക്കൽ കോളജിലുമാണ് പഠിച്ചത്. രാഹുൽ രാജിന്റെ മാതാവ് അംഗനവാടി വർക്കറായ വിജയലക്ഷ്മിയുടെ കഠിന പ്രയത്നത്തിന്റെ ഫലമാണ് തനിക്കു ലഭിച്ച ഡോക്ടർ പദവിയെന്ന് രാഹുൽ രാജ് പറഞ്ഞു.
പ്ലസ്ടുവിന് സന്പൂർണ എ പ്ലസ് നേടി ഇനി എന്തെന്ന ചോദ്യവുമായി നിസഹായതയിൽ നിൽക്കുന്ന രാഹുൽ രാജിന്റെയും അമ്മ വിജയലക്ഷ്മിയുടെയും അവസ്ഥ ദീപിക റിപ്പോർട്ട് ചെയ്തിരുന്നു.സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നും രാഹുൽ രാജിന് സഹായഹസ്തങ്ങളെത്തി.
അട്ടപ്പാടി ഐടിഡിപിയാണ് രാഹുൽ രാജിനെ മെഡിക്കൽ എൻട്രൻസ് കോച്ചിംഗിന് അയച്ചത്. കർഷകനായ ദ്വരൈരാജ് ആണ് പിതാവ്.ഗുരുവായൂർ ശ്രീകൃഷ്ണാ കോളജിൽ ബിഎസ്സി സൂവോളജി ഒന്നാം വർഷ വിദ്യാർഥി പ്രഹുൽ രാജാണ് സഹോദരൻ. അട്ടപ്പാടിയിൽ തന്നെ സേവനം അനുഷ്ഠിക്കുവാനാണ് ആഗ്രഹിക്കുന്നതെന്ന് രാഹുൽരാജ് പറഞ്ഞു.
തൃശൂർ മെഡിക്കൽ കോളജിൽ നിന്നുമാണ് കാർത്തിക എംബിബിഎസ് എടുത്തത്. അഗളി എഎസ്പി ഓഫീസിലെ എഎസ്ഐ ആർ. രാഘവന്റെയും മുൻ അഗളി പഞ്ചായത്ത് പ്രസിഡന്റ് ശാന്ത മാണിയുടെയും മകളാണ് കാർത്തിക.ജെല്ലിപ്പാറ മൗണ്ട് കാർമ്മൽ ഹൈസ്കൂളിൽ നിന്നും എസ്എസ്എൽസിയും കോട്ടത്തറ ആരോഗ്യമാതാ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും പ്ലസ് ടുവും ഉയർന്ന മാർക്കോടെ പാസായി.
ഡിഗ്രി വിദ്യാർഥിനികളായ പ്രവീണ, ആതിര, സ്കൂൾ വിദ്യാർഥിനികളായ ശ്വേത, ശ്രേയ എന്നിവർ സഹോദരികളാണ്.