അഗളി: അട്ടപ്പാടിയിലെ മേലെതുടുക്കി മലവാരത്ത് കള്ളനക്കടവ് വെള്ളച്ചാട്ടത്തിനു സമീപത്തു കഞ്ചാവ് കൃഷി നടത്തിയ മൂന്ന് പ്രതികളെ വനം അധികൃതർ അറസ്റ്റ് ചെയ്തു.
മേലെതുടുക്കിയിലെ സോമൻ മകൻ മാതൻ (50), കൂട്ടുപ്രതികളായ കുപ്പൻ മകൻ മുരുകൻ (44), കിണറ്റുകരാ കുപ്പൻ മകൻ കക്കി (34) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മെയ് 22 ന് കള്ളനക്കടവ് വെള്ളച്ചാട്ടത്തിനു സമീപത്തായി പ്രതികൾ കൃഷി ചെയ്തിരുന്ന മുന്നൂറ്റിയഞ്ച് കഞ്ചാവ് ചെടികൾ വനപാലകർ കണ്ടെത്തി നശിപ്പിച്ചിരുന്നു.
മെയ് 22ന് നടന്ന റെയ്ഡിൽ ഓടി രക്ഷപ്പെട്ട പ്രതികൾ ഇതുവരെ ഒളിവിലായിരുന്നു . തുടുക്കി വനമേഖലയിൽ നിന്നാണ് ഇന്നലെ പ്രതികൾ പിടിയിലായത്. ഇതു കൂടാതെ വേറെയും കഞ്ചാവ് കേസുകളിൽ പ്രതികളാണ് പിടിയിലായവരെന്ന് വനപാലകർ പറഞ്ഞു .
വ്യാപകമായി കഞ്ചാവ് കൃഷി നടന്നിരുന്ന ഈ പ്രദേശത്ത് തുടർച്ചയായി നടന്ന റെയ്ഡും മാവോയിസ്റ്റ് നിരീക്ഷണവും മൂലം കഞ്ചാവ് തോട്ടങ്ങൾ തന്നെ അപ്രതീക്ഷിതമായിരുന്നു.
2018,19,20 വർഷങ്ങളിൽ നടത്തിയ കഞ്ചാവ് റെയ്ഡിൽ ആയിരത്തിയറുനൂറ്റി തൊണ്ണൂറ്റിനാല് കഞ്ചാവ് ചെടികൾ മാത്രമാണ് കണ്ടെത്താനായത്.പലപ്പോഴും വനത്തിനുള്ളിൽ നിന്നും പ്രതികളെ കണ്ടെത്താനാവുന്നില്ലെന്നും ഫോറസ്റ്റ് അധികൃതർ പറഞ്ഞു.
ഫോറസ്റ്റ് റെയ്ഞ്ചർ എൻ. സുബൈർ, ഡെപ്യൂട്ടി റേഞ്ചർമാരായ വീരേന്ദ്രകുമാർ ,രവികുമാർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ എസ് എഫ് ഒ മാരായ പെരുമാൾ ,പാഞ്ചൻ മുക്കാലി തുടുക്കി സ്റ്റേഷനുകളിലെ ബി എഫ് ഒ മാർ എന്നിവർ റെയ്ഡിൽ പങ്കെടുത്തു .പ്രതികളെ കോടതിയിൽ ഹാജരാക്കി .