അഗളി: ആദിവാസികളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും പരിഗണിച്ചു മാത്രമേ അട്ടപ്പാടിയിൽ കാർഷിക വികസന പദ്ധതികൾ ആവിഷ്കരിക്കുകയുള്ളൂവെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽ കുമാർ. അട്ടപ്പാടിയിലെ ആദിവാസി കർഷകരുടെ ഉന്നമനത്തിനായി കൃഷി വകുപ്പും പട്ടികവർഗ വികസന വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നടത്തുന്ന പ്രത്യേക കാർഷിക മേഖലാ പദ്ധതിയായ “മില്ലറ്റ് വില്ലേജ്’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
അട്ടപ്പാടിയിലെ പരന്പരാഗത കൃഷി രീതികൾക്കു പ്രോത്സാഹനം നൽകുന്നതിനാണ് സർക്കാർ മില്ലറ്റ് വില്ലേജ് പദ്ധതി നടപ്പാക്കുന്നത്. ശിശുമരണം ഉൾപ്പെടെയുള്ള അട്ടപ്പാടിയിലെ ആദിവാസികൾ നേരിടുന്ന ആരോഗ്യപ്രശ്നങ്ങൾക്കു കാരണം പോഷകാഹാരക്കുറവാണ്. അട്ടപ്പാടിയിലെ പരന്പരാഗത ചെറുധാന്യ കൃഷിയിലുണ്ടായ തകർച്ചയാണ് പോഷകാഹാര കുറവിനു കാരണമായത്. കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ചെറുധാന്യ കൃഷിക്ക് പ്രാധാന്യം നൽകി സംസ്ഥാനത്ത് നടപ്പാക്കുന്ന ആദ്യ പദ്ധതിയാണ് മില്ലറ്റ് വില്ലേജ്.
ജില്ലാ കളക്ടർ പദ്ധതി പുരോഗതി നേരിട്ടു വിലയിരുത്തും. ആദിവാസി ഉൗരുകളിൽ കൃഷി ചെയ്യുന്ന ധാന്യങ്ങൾ സംഭരിച്ച് സംസ്കരണം നടത്തി മൂല്യവർധിത ഉത്പന്നങ്ങളാക്കി വിപണി കണ്ടെത്തും. മിച്ചം വരുന്നവ സർക്കാർ നേരിട്ട് ഏറ്റെടുത്തു വിപണനം ചെയ്യും. കർഷകനു ന്യായവില ഉറപ്പാക്കും. അട്ടപ്പാടിയിലെ ആദിവാസി ഉത്പന്നങ്ങളെന്ന പേരിലാകും വിപണി കണ്ടെത്തുക. ഇതിനായി ആദിവാസി കർഷകരെ ഉൾപ്പെടുത്തി ഫാമേഴ്സ് പ്രൊഡ്യൂസേഴ്സ് കന്പനി തുടങ്ങും. ധാന്യങ്ങൾ സംഭരിക്കുന്നതിനായി സംഭരണ മില്ല് ഉടൻ നിർമിക്കും. ഇതിനായി കോട്ടത്തറ ആടു വളർത്തൽ ഫാമിലെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നു മന്ത്രി പറഞ്ഞു.
അഗളി ഗ്രാമപഞ്ചായത്തിലെ കുന്നംചാള ഉൗരിലെ കൃഷിഭൂമി ഉഴുത് വിത്തുവിതച്ചാണ് മന്ത്രി പദ്ധതിക്കുതുടക്കമിട്ടത്. ആദിവാസികളുടെ പ്രശ്നങ്ങൾ നേരിട്ടറിയാൻ ഉൗരിലെത്തിയ മന്ത്രിയെ പരന്പരാഗത ആദിവാസി നൃത്തത്തോടെയാണ് കർഷകർ സ്വീകരിച്ചത്. മൂന്നുവർഷത്തിനകം 6.52 കോടി ചെലവിട്ടാണ് 34 ആദിവാസി ഉൗരുകളിൽ പദ്ധതി നടപ്പിലാക്കുക. റാഗി, ചോളം, ചാമ, എള്ള്, പഴം പച്ചക്കറി, കിഴങ്ങുവർഗങ്ങൾ, തേനീച്ച വളർത്തൽ തുടങ്ങിയ പരന്പരാഗത കൃഷികൾക്ക് സഹായം നൽകി മേഖലയെ ചെറുധാന്യ ഗ്രാമ കേന്ദ്രങ്ങളാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അഗളി കില പരിശീലന ഹാളിൽ നടന്ന പരിപാടിയിൽ എൻ. ഷംസുദീൻ എംഎൽഎ അധ്യക്ഷനായി.
ജില്ലാ കളക്ടർ ഡോ. പി. സുരേഷ് ബാബു, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരി രേശൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ശ്രീലക്ഷ്മി ശ്രീകുമാർ, രത്തിനരാമമൂർത്തി, ജ്യോതി അനിൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗം സി. രാധാകൃഷ്ണൻ, കൃഷി വകുപ്പ് അഡീ. ഡയറക്ടർ എസ്. ജനാർദനൻ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ഉൗര് മൂപ്പൻമാർ, ആദിവാസി കർഷകർ പങ്കെടുത്തു.