മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസിലെ 15 പ്രതികളുടെ കുറ്റപത്രം കോടതിയിൽ വായിച്ചുകേൾപ്പിച്ചതായി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സി. രാജേന്ദ്രൻ. ഒന്നു മുതൽ 11 വരെയും 13 മുതൽ 16 വരെയുമുള്ള പ്രതികളുടെ കുറ്റപത്രമാണു വായിച്ചത്.
അസുഖത്തെ തുടർന്ന് 12ാം പ്രതി കോടതിയിൽ ഹാജരായിരുന്നില്ല. 29നു കേസ് പരിഗണിക്കുന്പോൾ ഈ പ്രതിയുടെ കുറ്റപത്രം വായിച്ചു കേൾപ്പിക്കുമെന്ന് പ്രോസിക്യൂട്ടർ പറഞ്ഞു.
മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും കോടതിയിലെത്തിയിരുന്നു. കുറ്റപത്രം കേട്ട് മധുവിന്റെ അമ്മയും സഹോദരിയും കോടതിയിൽ പൊട്ടിക്കരഞ്ഞു.
മണ്ണാർക്കാട് പട്ടികജാതി – പട്ടികവർഗ പ്രത്യേക കോടതിയിലാണു കുറ്റപത്രം വായിച്ചുകേൾപ്പിച്ചത്.
മധുവിന്റെ പേരിൽ മോഷണക്കുറ്റം ആരോപിക്കുകയും മാരകായുധങ്ങളും മറ്റും ഉപയോഗിച്ച് മർദിച്ചു കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
മലയിൽ നിന്ന് അർധനഗ്നനായി എത്തിച്ച് പ്രതികൾ കൂട്ടംചേർന്ന് ആക്രമിച്ചു, കൈകൾ കൂട്ടിക്കെട്ടിയ നിലയിലുള്ള മധുവിനെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളും കുറ്റപത്രത്തിലുണ്ട്.